പ്രശ്നം വഷളാകുന്നു: സൈന്യം തയ്യാറെന്ന് ആന്റണി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഇന്ത്യ- പാക് അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുന്നു. ഇന്ത്യ-പാക്കിസ്ഥാന്‍ നിയന്ത്രണ രേഖവഴിയുളള വ്യാപാരവും സ്വകാര്യ ബസ്‌ സര്‍വീസും നിര്‍ത്തി വച്ചു. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയമാണു തീരുമാനം അറിയിച്ചത്‌. അതിര്‍ത്തി സംഘര്‍ഷത്തില്‍ പുറമെ നിന്നുള്ള ഇടപെടല്‍ ആവശ്യമില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്‌തമാക്കി.

കശ്മിരില്‍ ഏത്‌ സാഹചര്യവും നേരിടാന്‍ സൈന്യം ഒരുക്കമാണെന്ന്‌ പ്രതിരോധമന്ത്രി എ കെ ആന്റണി പറഞ്ഞു. പാകിസ്ഥാന്റെ ഭാഗത്തുനിന്ന് അടിക്കടിയുണ്ടാകുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാക്‌ സൈന്യത്തിന്റെ തുടര്‍ച്ചയായുള്ള പ്രകോപനം നേരിടാന്‍ കശ്മിരിലേക്ക്‌ കൂടുതല്‍ സൈന്യത്തെ അയയ്ക്കേണ്ടതുണ്ടോയെന്ന ചോദ്യത്തിന്‌ അതിന്റെ ആവശ്യമില്ലെന്നും ആവശ്യത്തിന്‌ സൈനികര്‍ കശ്മിരിലുണ്ടെന്നുമായിരുന്നു ആന്റണിയുടെ മറുപടി.

തുടര്‍ച്ചയായുള്ള വെടിവെയ്പിനെയും ഇന്ത്യന്‍ സൈനികരുടെ കൊലപാതകത്തെയും ശക്തമായി അപലപിച്ച ആന്റണി ഇത്തരം പ്രാകൃതമായ നടപടികള്‍ ക്ഷമിക്കാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന്‌ ഏറെക്കാലത്തെ ചര്‍ച്ചകള്‍ക്കു ശേഷമാണ്‌ നിയന്ത്രണ രേഖവഴിയുള്ള ചരക്ക്‌ നീക്കം പുനരാരംഭിച്ചിരുന്നത്‌. അതിനിടെ, ഇന്ത്യ- പാകിസ്ഥാന്‍ അതിര്‍ത്തി സംഘര്‍ഷം സംബന്ധിച്ചു ബ്രിഗേഡിയര്‍ തല ചര്‍ച്ച വേണമെന്ന്‌ ഇന്ത്യ ആവശ്യപ്പെട്ടു. എന്നാല്‍ പാകിസ്ഥാന്‍ ഇതു സംബന്ധിച്ചു മറുപടി നല്‍കിയിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :