പോഷകാഹാരക്കുറവിന് കാരണം തടിവയ്ക്കുമെന്ന പേടി: മോഡി
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
തടിവയ്ക്കുമെന്നുള്ള പേടിയും അമിതസൗന്ദര്യ ശ്രദ്ധയുമാണ് സംസ്ഥാനത്തെ പെണ്‍കുട്ടികളിലെ പോഷകാഹാരക്കുറവിനു കാരണമെന്നു ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരേ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകളെ അപമാനിക്കുകയാണു ഈ പ്രസ്താവന വഴി മോഡി ചെയ്തിരിക്കുന്നത് പ്രതിപക്ഷം കുറ്റപ്പെടുത്തി.
ഗുജറാത്തില്‍ സസ്യഭുക്കുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. മധ്യവര്‍ഗ വിഭാഗത്തിന് ആരോഗ്യത്തേക്കാള്‍ പ്രധാനം സൗന്ദര്യമാണ്. ഇതിനാല്‍ ആഹാര രീതിയില്‍ അവര്‍ നിയന്ത്രണം വരുത്തും. അമ്മ പാലു കുടിക്കാന്‍ മകളോടു പറഞ്ഞാല്‍ ലഭിക്കുന്ന മറുപടി താന്‍ തടിവയ്ക്കുമെന്നാണ്. ഇതോടെ ഇവര്‍ക്ക് ആവശ്യത്തിനു പോഷകാഹാരം ലഭിക്കാതെ വരുന്നുവെന്നും മോഡി പറഞ്ഞു. യുഎസ് ദിനപത്രം വാള് സ്ട്രീറ്റ് ജേര്ണലിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരമൊരു പരാമര്‍ശം നടത്തിയത്.
പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ വലിയ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന് മോഡി സമ്മതിച്ചു. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്തിലെ പോഷകാഹാരക്കുറവ് ഭീതിപ്പെടുത്തുന്നതാണെന്ന് പല സര്‍വ്വേ റിപ്പോര്‍ട്ടുകളും സൂചിപ്പിച്ചിരുന്നു. ആദിവാസി, ഗ്രാമീണ മേഖലകള്‍, സ്ത്രീകള്‍ എന്നിവരുടെ ഇടയിലാണ് ഏറ്റവുമധികം പോഷകാഹാരക്കുറവ് കണ്ടെത്തിയത്.
ആരോഗ്യമേഖലയില്‍ പണം ചെലവാക്കേണ്ടതിനു പകരം ടാറ്റ ഉള്‍പ്പെടെയുള്ള വന്‍കിട വ്യവസായികളെ സംസ്ഥാനത്തേക്കു കൊണ്ടു വരാനാണു മോഡിക്കു താത്പര്യമെന്ന് പ്രതിപക്ഷം ആരോപിച്ചു. വ്യാവസായിക വികസനത്തെ മുന്‍ നിര്‍ത്തിയുള്ള വികസനമാണ് മോഡിയുടേതെന്നും വിദ്യാഭ്യാസ, ആരോഗ്യ വികസനത്തിന്റെ കാര്യത്തില്‍ മോഡി പരാജയപ്പെട്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് ജഗദംബിക പാല് പറഞ്ഞു. മോഡി തന്റെ പ്രസ്താവന പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഗിരിജ വ്യാസ് പ്രതികരിച്ചു.