ശ്രീനഗര്‍|
JOYS JOY|
Last Modified ചൊവ്വ, 31 മാര്‍ച്ച് 2015 (11:18 IST)
ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ജമ്മു കശ്മീര്‍. വെള്ളപ്പൊക്കത്തില്‍ ഇതുവരെ 17 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച രാത്രി തുടങ്ങിയ മഴയില്‍ ഝലം നദി കരകവിഞ്ഞൊഴുകുകയാണ്. പ്രളയം ഉണ്ടായേക്കാമെന്നതിനാല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ രണ്ടുദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.
ഏഴുമാസം മുമ്പ് ഉണ്ടായ പ്രളയം ജമ്മു കശ്മീരില്‍ കനത്ത നാശം വിതച്ചിരുന്നു.
മഴ ശക്തമായതോടെ കശ്‌മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് സൈന്യത്തിന്റെ സഹായം തേടി. സ്ഥിതി വിലയിരുത്താനും സംസ്ഥാന സര്‍ക്കാരിനെ സഹായിക്കാനുമായി കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയെ പ്രധാനമന്ത്രി നരേന്ദ്രമോഡി കശ്മീരിലേക്ക് അയച്ചു.
ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിമുതല്‍ നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ബഡ്ഗാം ജില്ലയിലെ ലാഡെന്‍, ചഡൂര മേഖലകളില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. ഈ വീടുകളിലെ താമസക്കാരായ 16 പേരും മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് സ്ത്രീകളും 22 ദിവസം മാത്രം പ്രായമുള്ള കുട്ടിയും ഇതില്‍ ഉള്‍പ്പെടും.
ഇതുവരെ ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ജമ്മുവിലെ ഉധംപുരില്‍ ഒഴുക്കില്‍പ്പെട്ട് ഒരാളെ കാണാതായി. ഏഴു ജില്ലകളില്‍ ഉരുള്‍പൊട്ടലിനും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ 100 അംഗങ്ങള്‍ കശ്‌മീരില്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.