ജനങ്ങള്‍ക്ക് മേല്‍ ഇടിത്തീയായി വീണ്ടും പെട്രോള്‍ വില വര്‍ദ്ധിപ്പിച്ചു. ലിറ്ററിന് ആറ് രൂപ 28 പൈസയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. വില്‍പ്പനനികുതിയും വാറ്റും ഒക്കെച്ചേര്‍ന്ന് കേരളത്തില്‍ എട്ടുരൂപയിലധികം വിലവര്‍ദ്ധനവാണ് ഉണ്ടാകാന്‍ പോകുന്നത്. കേരളത്തില്‍ പെട്രോളിന് 77 രൂപയോളം വില നല്‍കേണ്ടിവരും. വിലവര്‍ദ്ധന ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ നടപ്പാകുന്നു.
ഭീമമായ ഈ വിലവര്‍ദ്ധനവ് പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം അവസാനിച്ച് തൊട്ടടുത്ത ദിവസമാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ നടപ്പാക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. യു പി എ സഖ്യകക്ഷികളും പ്രതിപക്ഷവും വിലവര്‍ദ്ധനവിനെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്.
പെട്രോള്‍ വിലവര്‍ദ്ധനവിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ബി ജെ പിയും ഇടതുപാര്‍ട്ടികളും ആഹ്വാനം ചെയ്തു. വിലവര്‍ദ്ധനവ് അംഗീകരിക്കാനാവില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസും എന്‍ സി പിയും വ്യക്തമാക്കിയിട്ടുണ്ട്.
പെട്രോള്‍ വില ഇങ്ങനെ വര്‍ദ്ധിപ്പിക്കുന്നതിലും ഭേദം ജനങ്ങളെ പെട്രോളൊഴിച്ച് കത്തിക്കുന്നതാണെന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ പ്രതികരിച്ചു. പെട്രോള്‍ വില വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം കേന്ദ്രം പുനഃപരിശോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ആവശ്യപ്പെട്ടു. ജനങ്ങള്‍ക്ക് താങ്ങാനാവാത്ത വിലക്കയറ്റമാണിതെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. വ്യാഴാഴ്ച പ്രതിഷേധദിനമായി ആചരിക്കുമെന്നും അദ്ദേഹം അറിയിച്ചു.