പിസി തോമസിനെ ബിജെപി വിലക്കു വാങ്ങിയെന്ന് വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പിസി തോമസ് നയിച്ച ഇന്ത്യന്‍ ഫെഡറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (ഐഎഫ്ഡിപി) എംപിമാരെ എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രം ഭരിച്ച കാലത്ത് ബിജെപി വിലക്കു വാങ്ങിയെന്ന് വെളിപ്പെടുത്തല്‍. ഐഎഫ്ഡിപി ഉണ്ടാക്കുന്നതിന് പിസി തോമസിനൊപ്പം നിന്ന ബിഹാറുകാരനായ മുന്‍ എംപി രാജേഷ് രഞ്ജന്‍ എന്ന പപ്പു യാദവാണ് 12 വര്‍ഷത്തിനുശേഷം ഇക്കാര്യം വെളിപ്പെടുത്തിയത്.

കെ എം മാണിയുമായി തെറ്റിപ്പിരിഞ്ഞ് കേരള കോണ്‍ഗ്രസ് വിട്ട പിസി തോമസ് പിന്നീട് ദേശീയതലത്തില്‍ പാര്‍ട്ടിയുണ്ടാക്കാന്‍ നടത്തിയ ശ്രമമാണ് പപ്പു യാദവ് അടക്കം ചില സ്വതന്ത്ര എം.പിമാരുമായുള്ള ബന്ധങ്ങളും ഐഎഫ്ഡിപി എന്ന പാര്‍ട്ടിയുമായി വളര്‍ന്നത്. ‘കഷ്ടകാലത്തെ സഞ്ചാരി’ എന്നര്‍ഥം വരുന്ന, ഹിന്ദിയിലെഴുതിയ ആത്മകഥയിലാണ് ക്രിമിനല്‍ കേസില്‍ പ്രതിയായി ഏറെനാള്‍ ജയിലില്‍ കഴിയേണ്ടിവന്ന പപ്പു യാദവ് മനസ്സുതുറന്നത്. പുസ്തകം ബുധനാഴ്ച ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു.

എന്‍ഡിഎയില്‍ ചേരാന്‍ 2001ല്‍ ഐഎഫ്ഡിപിയിലെ മൂന്നു എംപിമാര്‍ക്ക് പണവും കാറും കൊടുത്തുവെന്നാണ് പപ്പു യാദവ് പറയുന്നത്. മുന്‍ധനമന്ത്രി യശ്വന്ത്സിന്‍ഹയാണ് ഇതിന് കരുനീക്കിയത്. വിലപേശി ഉറപ്പിക്കുകയായിരുന്നു. പിസി തോമസിന് സഹമന്ത്രി സ്ഥാനം കിട്ടിയപ്പോള്‍ അന്‍വറുല്‍ ഹഖിന് ഒരു കോടി രൂപയും ആക്സന്‍റ് കാറും ലഭിച്ചു. നാഗമണിക്ക് ഒരു കോടിക്കുപുറമെ, ഉടനടി സഹമന്ത്രിയാക്കാമെന്ന വാഗ്ദാനവും ലഭിച്ചു. അന്‍വറുല്‍ ഹഖും സുഖ്ദേവ് പാസ്വാനും പണം വാങ്ങി. സഹമന്ത്രിസ്ഥാനം കിട്ടാതെ വന്നപ്പോള്‍ നാഗമണിക്കും പണം കൊടുത്തു. മറ്റാരും പണം വാങ്ങിയില്ല. തനിക്ക് യശ്വന്ത് സിന്‍ഹയുമായി പഴയൊരു കുടുംബ ബന്ധമുണ്ടെന്നും പപ്പു യാദവ് കൂട്ടിച്ചേര്‍ത്തു.

2008ല്‍ യുപിഎ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടിയ സമയത്ത് കോണ്‍ഗ്രസും ബി.ജെ.പിയും പിന്തുണക്ക് സമീപിച്ചിരുന്നുവെന്നും പപ്പു യാദവ് വെളിപ്പെടുത്തി. എംപിമാര്‍ക്ക് വാഗ്ദാനം ചെയ്തത് 40 കോടി രൂപ വീതമാണ്. തന്നെയും, അന്ന് എംപിയായിരുന്ന ഭാര്യ രഞ്ജിത് രഞ്ജനെയും പലവട്ടം സമീപിച്ചിരുന്നുവെന്നും പപ്പു യാദവ് കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :