പിന്നില്‍ പാകിസ്ഥാനും യുഎസുമല്ല: ഹസാരെ

ന്യൂഡല്‍ഹി| WEBDUNIA|
PTI
അഴിമതിക്കെതിരെയുള്ള നിരാഹാര സമരത്തെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികളുമായും വിദേശ രാജ്യങ്ങളുമായും ബന്ധപ്പെടുത്താന്‍ ശ്രമിക്കുന്നതിന് അണ്ണാ ഹസാരെ ശക്തമായ മറുപടി നല്‍കി. ജനലോക്പാല്‍ ബില്ലിനു വേണ്ടിയുള്ള സമരത്തിന് ബിജെപിയുമായും ആര്‍‌എസ്‌സുമായും ബന്ധമുണ്ടെന്ന് പറഞ്ഞ യുപി‌എ സര്‍ക്കാര്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് യുഎസുമായി ബന്ധമുണ്ടെന്ന് പറയുന്നു. നാളെ, പാകിസ്ഥാനാണ് ഞങ്ങള്‍ക്ക് പിന്നിലെന്ന് പറയാനും യുപി‌എ നേതാക്കള്‍ മടിക്കില്ല എന്നും ഹസാരെ പറഞ്ഞു.

ജനലോക്പാല്‍ ബില്ലിനു വേണ്ടി മാത്രമല്ല താന്‍ സമരം നടത്താന്‍ ഉദ്ദേശിക്കുന്നത് എന്ന് അണ്ണാ ഹസാരെ വ്യക്തമാക്കി. ലോക്പാല്‍ ബില്ലിനു ശേഷം തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ക്ക് വേണ്ടിയായിരിക്കും സമരം നടത്തുക. കര്‍ഷകരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും സമരം നടത്തും. ഭൂമി ഏറ്റെടുക്കുന്നതിനു മുമ്പ് ഗ്രാമസഭകളുടെ അനുമതി വാങ്ങണമെന്ന നിയമം കൊണ്ടുവരാന്‍ വേണ്ടി പോരാടുമെന്നും അണ്ണാ ഹസാരെ പറഞ്ഞു.

ലോക്പാല്‍ ബില്ലിനെ കുറിച്ച് അഭിപ്രായം തേടി പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി നല്‍കിയ പത്രപ്പരസ്യത്തെ അണ്ണാ ഹസാരെ സംഘം ശക്തമായി വിമര്‍ശിച്ചു. പൊതു ജനങ്ങള്‍ക്ക് അഭിപ്രായമറിയിക്കാന്‍ 15 ദിവസത്തെ സമയം നല്‍കിയുള്ള പരസ്യം ഓഗസ്റ്റ് 30ന് ഉള്ളില്‍ ബില്ല് പാസാക്കാതിരിക്കാനുള്ള തന്ത്രമാണെന്ന് ഹസാരെ സംഘം കുറ്റപ്പെടുത്തി.

ഇതിനിടെ, ഹസാരെയുടെ ആരോഗ്യനില പരിഗണിച്ച് സര്‍ക്കാര്‍ എത്രയും വേഗം ചര്‍ച്ച നടത്തുന്നതിന് തയ്യാറാവണമെന്ന് ഹസാരെ സംഘം ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :