ന്യൂഡല്‍ഹി|
സജിത്ത്|
Last Modified തിങ്കള്‍, 29 മെയ് 2017 (08:11 IST)
പ്രതിഷേധ പരിപാടിക്കിടെ മാടിനെ പരസ്യമായി കശാപ്പു ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വ്യക്തിപരമായി തനിക്കും അതുപോലെ പാര്‍ട്ടിക്കും ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത നടപടിയാണ് ഉണ്ടായതെന്നും പരസ്യമായി മാടിനെ അറുത്ത നടപടി ബുദ്ധിശൂന്യവും കിരാതവുമാണെന്നും രാഹുല്‍ തന്റെ ട്വിറ്ററിലൂടെ വ്യക്തമാക്കി.
കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന്റെ ഭാഗമായി കണ്ണൂരിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാടിനെ പരസ്യമായി കശാപ്പു ചെയ്തത്. ശനിയാഴ്ച വൈകിട്ടു നാലരയോടെ കണ്ണൂര്‍ സിറ്റി ജംക്ഷനിലാണു യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാളക്കുട്ടിയെ കശാപ്പു ചെയ്ത് ഇറച്ചി സൗജന്യമായി നാട്ടുകാര്‍ക്കു നല്‍കി പ്രതിഷേധിച്ചത്.
അതേസമയം, മാടിനെ അറുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊതുസ്ഥലത്തുവെച്ച് പരസ്യമായി മാടിനെ കശാപ്പുചെയ്ത കുറ്റത്തിനാണ് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിറ്റി പൊലീസ് കേസെടുത്തത്.