കര്‍ണാടക മുഖ്യന്‍ യദ്യൂരപ്പയ്ക്കും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ടിനും പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രിയും പബ് സംസ്കാരത്തിനെതിരെ രംഗത്ത്. ഇന്ത്യന്‍ സാമൂഹിക മൂല്യങ്ങള്‍ക്ക് പബ് സംസ്കാരം യോജിച്ചതല്ല എന്ന് രാമദോസ് വെള്ളിയാഴ്ച അഭിപ്രായപ്പെട്ടു.
“ സ്ത്രീകള്‍ ആക്രണത്തിരയായ സംഭവത്തെ നമ്മള്‍ തീര്‍ച്ചയായും എതിര്‍ക്കണം. എന്നാല്‍, പബ് സംസ്കാരം അവസാനിപ്പിക്കേണ്ടതുണ്ട്. അതിനു കാരണം, ഇന്ത്യയിലെ യുവാക്കളുടെ മദ്യ ഉപഭോഗം വളരെ വലുതാണ്”, രാമദോസ് ന്യൂഡല്‍ഹിയില്‍ പറഞ്ഞു.
“ഇത് നമ്മുടെ സംസ്കാരമല്ല. ഇത്തരത്തില്‍ പോയാല്‍ നാം പുരോഗതി കൈവരിക്കുമെന്ന് പറയാനാവില്ല”. മദ്യപിച്ച് വാഹനമോടിക്കുന്നതാണ് ഇന്ത്യയില്‍ 40 ശതമാനം വാഹനാപകടങ്ങള്‍ക്കും കാരണം. ഇത്തരത്തില്‍ ഏറ്റവും ഉത്പാദനക്ഷമതയുള്ള ഇരുപതുകളുടെ തുടക്കത്തില്‍ തന്നെ നമുക്ക് വിലയേറിയ ജീവനുകള്‍ നഷ്ടമാവുന്നു എന്നും മന്ത്രി പറഞ്ഞു.
പഠനങ്ങള്‍ പറയുന്നതനുസരിച്ച് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി യുവാക്കള്‍ക്കിടയിലെ മദ്യപാന ശീലം 60 ശതമാനം വര്‍ദ്ധിച്ചു എന്നും രാമദോസ് പറഞ്ഞു. പബ് സംസ്കാരം പുതിയ ദേശീയ മദ്യനയത്തിലൂടെ നിയന്ത്രിക്കാനാവുമെന്നും മന്ത്രി അവകാശപ്പെട്ടു.