പബ് ആക്രമണം ദേശീയസുരക്ഷാ പ്രശ്നം: രേണുക

ന്യൂഡല്‍ഹി| PRATHAPA CHANDRAN| Last Modified ചൊവ്വ, 3 ഫെബ്രുവരി 2009 (18:48 IST)
മംഗലാപുരം പബില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവം ദേശീയ സുരക്ഷാ പ്രശ്നമാണെന്ന് കേന്ദ്ര മന്ത്രി രേണുകാ ചൌധരി. യുപിയില്‍ ആറ് വയസ്സുകാരിയെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തെ കുറിച്ച് കൂടുതല്‍ നിരീക്ഷണം നടത്തുമെന്നും ക്രിമിനല്‍ നിയമം ഭേദഗതിചെയ്യാന്‍ ശ്രമം നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഭാവിയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിയമം കൊണ്ടുവരും. മംഗലാപുരത്തെ പബ് ആക്രമണം നടക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് സംസ്ഥാന സര്‍ക്കാരാണ് ഉത്തരവാദിത്വം പറയേണ്ടത് എന്നും രേണുകാ ചൌധരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മംഗലാപുരം സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ടംഗ കമ്മീഷനെ നിയമിച്ചിട്ടുണ്ട്. ജോയിന്‍റ് സെക്രട്ടറി കിരണ്‍ ഛദ്ദയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണമെന്നും രേണുകാ ചൌധരി പറഞ്ഞു.

യുപിയില്‍ ഒരു ആറ് വയസ്സുകാരിയെ മോഷണ കുറ്റം ആരോപിച്ച് പൊലീസുകാര്‍ മര്‍ദ്ദിച്ചത് ക്യാമറയില്‍ പതിഞ്ഞതിനെ തുടര്‍ന്ന് വിവാദമായിരുന്നു. ഇതെതുടര്‍ന്ന് ഒരു ഇന്‍സ്പെക്ടറെ പിരിച്ചുവിടുകയും സബ് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :