നായിഡു കസ്റ്റഡിയില്‍: ബന്ദിന് ആഹ്വാനം

ഹൈദരാബാദ്| WEBDUNIA| Last Modified ഞായര്‍, 18 ജൂലൈ 2010 (10:24 IST)
PRO
ചന്ദ്രബാബു നായിഡുവിനെയും 74 എം‌എല്‍‌എമാരെയും പൊലീസ് അറസ്റ്റ് ചെയ്തതിനെതിരെ തിങ്കളാഴ്ച ആന്ധ്രപ്രദേശില്‍ ബന്ദ് ആചരിക്കുമെന്ന് ടിഡിപി നേതൃത്വം.

തര്‍ക്ക പദ്ധതിയായ മഹാരാഷ്ട്രയിലെ ബബ്ലി അണക്കെട്ട് സന്ദര്‍ശിക്കാനെത്തിയ നായിഡുവിനെയും കൂട്ടരെയും ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യം അനുവദിച്ചു എങ്കിലും നായിഡുവും കൂട്ടരും സ്വീകരിക്കാന്‍ വിസമ്മതിച്ചു. ഇതെതുടര്‍ന്ന്, നേതാക്കളെ രണ്ട് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

ബബ്ലി അണക്കെട്ട് നിര്‍മ്മിക്കുന്നത് ഗോദാവരി നദിയില്‍ നിന്ന് ആന്ധ്രയ്ക്ക് ലഭിക്കേണ്ട ജലം നിഷേധിക്കലാണെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തുന്നു. ഇതു സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കവെയാണ് നായിഡുവിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധവുമായി മുന്നിട്ടിറങ്ങിയത്.

ആന്ധ്ര അതിര്‍ത്തിയില്‍ നിന്ന് 12 കിലോമീറ്റര്‍ മാത്രം അകലെയാണ് ബബ്ലി. നായിഡുവിന്റെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇവിടെ കഴിഞ്ഞ ദിവസം ബന്ദ് ആചരിച്ചിരുന്നു. നായിഡു തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് നാടകം കളിക്കുകയാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാന്‍ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :