അഹമ്മദാബാദ്|
Last Modified ചൊവ്വ, 1 ഡിസംബര്‍ 2015 (15:24 IST)
മാലിന്യം രാജ്യത്തെ തെരുവുകളിലല്ല, നമ്മുടെ മനസ്സുകളിലാണെന്ന് രാഷ്ട്രപതി പ്രണബ് മുഖർജി. നമ്മുടെ സമൂഹത്തെ ഭൗതികമായതും വാക്കാലുള്ളതുമായ എല്ലാതരം അക്രമങ്ങളില്‍ നിന്നും മോചിപ്പിക്കണമെന്നും രാഷ്ട്രപതി ആഹ്വാനം ചെയ്തു. ഗുജറാത്തിലെ സബര്‍മതി ആശ്രമത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രണബ് മുഖർജി.
സ്വച്ഛ് ഭാരത് പദ്ധതിയെ പ്രകീർത്തിച്ച രാഷ്ട്രപതി, രാജ്യത്തിനൊപ്പം നമ്മുടെ മനസ്സുകളും ശുദ്ധമാക്കണമെന്ന് ആവശ്യപ്പെട്ടു. സമൂഹത്തെ വിഭജിക്കുന്ന ചിന്തകളില്‍ നിന്നും നമ്മുടെ കാഴ്ചപ്പാടുകളെ മുക്തമാക്കണം. അവിശ്വാസവും ഭയവും മനസ്സിലെ ഇരുട്ടും നിമിത്തം നമുക്ക് ചുറ്റും എല്ലാ ദിവസവും അപ്രതീക്ഷിതമായ അക്രമങ്ങൾ ഉണ്ടാകുന്നു. അക്രമങ്ങളെ ചെറുക്കുന്നതിന് വേണ്ടി പുതിയ രീതികള്‍ അവംലബിച്ചിട്ടുണ്ടെങ്കിലും അഹിംസയുടേയും ചര്‍ച്ചകളുടേയും ശക്തി നാം മറന്നുപോകരുത് - രാഷ്ട്രപതി ഓർമ്മിപ്പിച്ചു.
അനുകമ്പയും സഹനവുമാണ് നമ്മുടെ സംസ്‌കാരത്തിന്റെ അടിസ്ഥാനം. ഭൗതികമായതും വാക്കാലുള്ളതുമായ എല്ലാതരം അക്രമങ്ങളില്‍ നിന്നും നമ്മുടെ സമൂഹത്തെ മോചിപ്പിക്കണം. രാജ്യത്തോടൊപ്പം നമ്മുടെ മനസ്സുകളും ശുദ്ധമാക്കി ഗാന്ധിജിയുടെ വീക്ഷണം പൂര്‍ത്തീകരിക്കണം - പ്രണബ് മുഖർജി ആവശ്യപ്പെട്ടു.