തെലുങ്ക് സിനിമാ രംഗത്ത് ഒരുകാലത്ത് സൂപ്പര്‍ താരമായിരുന്ന ശോഭന്‍ ബാബു (71) അന്തരിച്ചു. വെളുപ്പിന് വ്യായാമം നടത്തവേ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ തലമുറയിലെ പ്രമുഖ നടന്‍മാരായ എം.ടി.രാമറാവു, നാഗേശ്വര റാവു എന്നിവര്‍ക്കൊപ്പം ശോഭന്‍ ബാബുവിനും തന്‍റേതായ സൂപ്പര്‍ താര പദവിയാണ് ഉണ്ടായിരുന്നത്.
ആന്ധ്രാ പ്രദേശിലെ വിജയവാഡയ്ക്കടുത്ഥ് കുന്താമുക്കലയില്‍ 1937 ജനുവരി പതിനാലിനാണ് ശോഭന്‍ ബാബു ജനിച്ചത്. ചലപതി റാവു എന്ന പേര്‍ സിനിമ നടനായതോടെയാണ് ശോഭന്‍ ബാബു എന്നാക്കിയത്.
ദൈവബലം എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തിയ ശോഭന്‍ ബാബു പിന്നീട് ഭക്തശബരിയിലൂടെ കൂടുതല്‍ ശ്രദ്ധേയനാവുകയായിരുന്നു. പിന്നീട് വീര അഭിമന്യു (1965) എന്ന പുരാണ ചിത്രത്തിലെ അഭിനയം സൂപ്പര്‍ താര പദവി കൈക്കലാക്കാന്‍ ശോഭന്‍ ബാബുവിനെ സഹായിച്ചു.
മലയാളത്തില്‍ തിളങ്ങി നിന്ന ശാരദയും ശോഭന്‍ ബാബുവും തെലുങ്ക് സിനിമയില്‍ ഏറേക്കാലം വിജയ ജോഡികളായി പരിലസിച്ചിരുന്നു.
ബംഗാരു പഞ്ചാംഗം എന്ന സാമൂഹ്യ പശ്ചാത്തലമുള്ള സിനിമയിലെ അഭിനയം ശോഭന്‍ ബാബുവിന് ദേശീയ അംഗീകാരവും നേടിക്കൊടുക്കാന്‍ സഹായിച്ചു. 1970 ല്‍ നാഗിറെഡ്ഡിയാണ് ആ ചിത്രം നിര്‍മ്മിച്ചത്.
ശോഭന്‍ ബാബുവിന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ സരദ, ജീവന ജ്യോതി, ശ്രീരാമകഥ, താസീല്‍ദാരുഗരി, ഇഡാരു ദേവതലു, ജബുദോംഗ, കല്യാണമണ്ഡപം, സുഗാഡു എന്നിവ പ്രധനപ്പെട്ടവയാണ്. ആന്ധ്ര അന്ദാഗഡു എന്ന പേരിലായിരുന്നു ആരാധകര്‍ക്കിടയില്‍ ശോഭന്‍ ബാബു അറിയപ്പെട്ടിരുന്നത്.
1970 ല്‍ ബംഗാരു പഞ്ചാംഗത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് ലഭിച്ച ശോഭന്‍ ബാബു മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് അഞ്ച് തവണ കരസ്ഥമാക്കി. ഇതിനൊപ്പം നലു തവണ ഫിലിം ഫെയര്‍ അവാര്‍ഡും നേടിയിട്ടുണ്ട്.
1997 ഓടെ സിനിമാ രംഗം വിട്ട ശോഭന്‍ ബാബു ചെന്നൈ ആസ്ഥാനമാക്കി റിയല്‍ എസ്റ്റേറ്റ് രംഗത്തായിരുന്നു പിന്നീട് ചുവടുറപ്പിച്ചത്. ശോഭന്‍ ബാബുവിന് ജയലളിതയുമായി ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ ഒരുകാലത്ത് ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു.
ഭാര്യ കാന്തകുമാരി. മക്കള്‍: കരുണശേഷു, മൃദുല, പ്രശാന്തി, നിവേദിത.