തസ്ലീമയ്ക്ക് വധ ഭീഷണി

SASIWD
മത തീവ്രവാദികളാല്‍ ആക്രമിക്കപ്പെട്ട ബംഗ്ലാദേശ് സാഹിത്യകാരി തസ്ലീമാ നസ്രീനെ വധിക്കുമെന്ന് മജിദ്-ഇത്തെഹാദ്-ഉള്‍-മുസ്ലിമീന്‍ ( എം ഐ എം). ഇനിയൊരിക്കല്‍ കൂടി തസ്ലീമ ഹൈദരാബാദില്‍ എത്തിയാല്‍ അവരെ വധിക്കുമെന്നാണ് സംഘടന ഭീഷണി മുഴക്കിയിരിക്കുന്നത്.

“ അവര്‍ക്കെതിരെ ഒരു ഫത്‌വ നിലവിലുണ്ട്. ഒരാള്‍ക്കെതിരെ പുറപ്പെടുവിച്ച ഫത്‌വ മുസ്ലീം ലോകത്തിന് മുഴുവന്‍ ബാധകമാണ്, അത് തസ്ലീമാ നസ്രീനായാലും സല്‍‌മാന്‍ റുഷ്ദി ആയാലും. ഇനിയൊരിക്കല്‍ കൂടി അവര്‍ ഹൈദരാബാദില്‍ എത്തിയാല്‍ അവര്‍ക്കെതിരായ ഫത്‌വ നടപ്പാക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. ” എം ഐ എം നേതാവ് അക്ബറുദ്ദീന്‍ ഓയ്സി പറഞ്ഞു.

ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ഹമീദ് അന്‍സാരി തസ്ലീമയ്ക്കെതിരായ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ചു. “ പരിഷ്കൃത സമൂഹത്തില്‍ ഒരിക്കലും അനുവദിക്കാ‍നാകാത്തത് എന്നാണ് അന്‍സാരി ഇതേക്കുറിച്ച് പറഞ്ഞത്. “ഒരാളുടെ കാഴ്ചപ്പാടിനെ എതിര്‍ക്കാന്‍ അക്രമം മാര്‍ഗ്ഗമാക്കുന്നത് തെറ്റാണ്. ഒന്നുകില്‍ യോജിക്കാം, അല്ലെങ്കില്‍ വിയോജിക്കാം.” അന്‍സാരി പറഞ്ഞു.

തസ്ലീമയ്ക്കെതിരായ ആക്രമണം ലജ്ജാകരമാണെന്നാണ് പ്രശസ്ത ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്തര്‍ പറഞ്ഞത്. “ ഒരു പരിഷ്കൃത സമൂഹത്തില്‍ നിങ്ങള്‍ക്ക് യോജിക്കാനും വിയോജിക്കാനും അവകാശമുണ്ട്. ഇതേയാള്‍ക്കാര്‍ തന്നെയാണ് ബജരംഗ് ദളിനെയും വി എച്ച് പിയെയും വിമര്‍ശിക്കുന്നതും. അവരും ഈയാള്‍ക്കാരും തമ്മില്‍ എന്താണ് വ്യത്യാസം.” അക്തര്‍ പറഞ്ഞു.

ഹൈദരാബാദ്| WEBDUNIA|
ഡല്‍‌ഹി ന്യൂനപക്ഷ കമ്മീഷന്‍ കമാല്‍ ഫാറൂഖി സംഭവം അപലപനീയമണ് എന്നു പറഞ്ഞു. പ്രത്യേകിച്ച് സംഭവത്തില്‍ മൂന്ന് എം എല്‍ എമാര്‍ ഉള്‍പ്പെട്ടത് കൂടുതല്‍ ഗൌരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. നസ്രീനെതിരായ ആക്രമണം ഇന്ത്യയുടെ ജനാധിപത്യ-മതനിരപേക്ഷ സ്വഭാവത്തിന് എതിരാണെന്ന് സിപി‌എം പോളിറ്റ്‌ബ്യൂറോ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :