ഡ്രൈവറുടെ മരണം: നന്ദയെ ചോദ്യം ചെയ്തു

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 18 ജൂണ്‍ 2010 (16:47 IST)
ഡ്രൈവറുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രമുഖ വ്യാപാരി അനില്‍ നന്ദയെ പൊലീസ് ചോദ്യം ചെയ്തു എന്ന് റിപ്പോര്‍ട്ടുകള്‍‍. കൊല്ലപ്പെട്ട ഡ്രൈവര്‍ ജ്ഞാനേശ്വര്‍ ശര്‍മ്മ (41) ആശുപത്രിയില്‍ മരണശയ്യയില്‍ ആയിരിക്കുമ്പോള്‍ ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് നന്ദയെ പ്രതിസ്ഥാനത്ത് ആക്കിയത്.

അനില്‍ നന്ദ തന്നെ അധാര്‍മ്മികമായ പല പ്രവര്‍ത്തികള്‍ക്കും പ്രേരിപ്പിച്ചിരുന്നു എന്നും തൊഴിലാളികളെ ചൂഷണം ചെയ്തിരുന്നതായും അദ്ദേഹത്തിന്റെ ന്യൂ ഫ്രണ്ട്സ് കോളനിയിലെ വസതിയില്‍ അരങ്ങേറിയിരുന്ന കാര്യങ്ങള്‍ പുറത്തു രഹസ്യമായി സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട് എന്നും ശര്‍മ്മ ടിവി ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അനില്‍ നന്ദയുടെ വ്യാപാര പങ്കാളിയായ വിജയ്‌സിന്‍‌ഹയ്ക്ക് എതിരെ ചാരപ്പണി നടത്താന്‍ തനിക്കു മേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഏല്‍പ്പിക്കുന്ന ജോലി ഏറ്റെടുത്തില്ല എങ്കില്‍ ഉദ്യോഗത്തില്‍ നിന്ന് പുറത്താക്കുന്നത് ഉള്‍പ്പെടെ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാവുമെന്ന ഭീഷണിയും ഉണ്ടായിരുന്നു.

നന്ദ ഒരു സ്വവര്‍ഗാനുരാഗി ആയിരുന്നു എന്നും ശര്‍മ്മ വെളിപ്പെടുത്തി. ഉദ്യോഗസ്ഥരെ കാമപൂര്‍ത്തീകരണത്തിന് ഉപയോഗിച്ചിരുന്ന നന്ദ അവര്‍ക്ക് കൂടുതല്‍ തുക നല്‍കിയിരുന്നു. എതിര്‍ക്കുന്നവര്‍ക്ക് നേരെ ഭീഷണി ഉയര്‍ത്താനും നന്ദ മടിച്ചിരുന്നില്ല.

ജൂണ്‍ ഒമ്പതിനാണ് നന്ദയുടെ മൂന്ന് അനുയായികള്‍ ചേര്‍ന്ന് ശര്‍മ്മയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചത്. ഇവരുടെ മുഖം വ്യക്തമായി കണ്ടു എന്നും മരിക്കുന്നതിനു മുമ്പ് ശര്‍മ്മ ടിവി ചാനലിനോട് പറഞ്ഞിരുന്നു. എണ്‍പത് ശതമാനം പൊള്ളലേറ്റ ശര്‍മ്മയെ ആദ്യം അപ്പോളോ ആശുപത്രിയിലും പിന്നീട് സഫ്ദര്‍ജംഗ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍, പൊലീസ് ഇയാളുടെ മരണമൊഴി എടുത്തില്ല.

വ്യാപാര പ്രമുഖനായ നന്ദയ്ക്ക് എതിരെയുള്ള അന്വേഷണം മന്ദഗതിയിലാണ് എന്നാണ് നിലവിലുള്ള ആരോപണം. എസ്കോര്‍ട്സ് ഗ്രൂപ്പ് ചെയര്‍മാന്‍ എച്ച് പി നന്ദയുടെ മകനാണ് അനില്‍ നന്ദ. അക്മെ പ്രോജക്ട്സിന്റെ ചെയര്‍മാന്‍ ആയ നന്ദ എസ്കോര്‍ട്സ് ആശുപത്രി ചെയര്‍മാന്‍ രാജന്‍ നന്ദയുടെ ഇളയ സഹോദരനാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :