ഡീസല്‍ വില: ചര്‍ച്ച ചെയ്തില്ലെന്ന് ദേവ്‌റ

ന്യൂഡല്‍ഹി| WEBDUNIA| Last Modified വ്യാഴം, 26 ഫെബ്രുവരി 2009 (12:12 IST)
രാജ്യത്തെ ഡീസല്‍ വില കുറയ്ക്കുന്ന കാര്യം ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം ചര്‍ച്ച ചെയ്തില്ലെന്ന് പെട്രോളിയം മന്ത്രി മുരളി ദേവ്‌റ. നിര്‍ഭാഗ്യവശാല്‍ ഇക്കാര്യം ക്യാബിനറ്റിന്‍റെ അജണ്ടയില്ലായിരുന്നുവെന്ന് ദേവ്‌റ പറഞ്ഞു.

ഒരു ലിറ്റര്‍ ഡീസല്‍ വില്‍ക്കുമ്പോള്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് 3.26 രൂപയാണ് ലാഭമുണ്ടാകുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായും നാണ്യപ്പെരുപ്പം പിടിച്ചു നിര്‍ത്തുന്നതിന്‍റെ ഭാഗമായും കേന്ദ്ര സര്‍ക്കാര്‍ ഡീസല്‍ വിലയില്‍ ലിറ്ററിന് രണ്ട് രൂപയുടെ കുറവ് വരുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

നാളെ നടക്കുന്ന ക്യാബിനറ്റ് കമ്മിറ്റിയുടെ രാഷ്രീയ സമിതി യോഗത്തില്‍ ഇക്കാര്യം വരുമോയെന്ന് വ്യക്തമാക്കാന്‍ ദേവ്‌റ തയ്യാറായില്ല. ഡീസല്‍ വില കുറയ്ക്കുന്നതിനെക്കുറിച്ച് എന്തെങ്കിലും ആലോചനയുള്ളതായി തനിക്കറിയില്ലെന്ന് പെട്രോളിയം സെക്രട്ടറി ആര്‍ എസ് പാണ്ഡേയും വ്യക്തമാക്കി. നാളെ നടക്കുന്ന യോഗത്തെക്കുറിച്ച് തനിക്ക് വിവരമൊന്നുമില്ലെന്നും പാണ്ഡെ പറഞ്ഞു.

പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഡീസല്‍ വിലയില്‍ കുറവേര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആഭ്യന്തര വിപണിയില്‍ ഡീസല്‍ വിലയില്‍ രണ്ട് ഘട്ടങ്ങളായി നാല് രൂപയോളം കുറവ് വരുത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :