ഡ്യൂട്ടിയില്‍ ആയിരുന്ന ഒരു സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍, ഒരു കമാന്‍ഡാന്റ് അടക്കം ആറ് സഹപ്രവര്‍ത്തകരെ വെടിവച്ചു കൊന്നു. വെള്ളിയാഴ്ച രാത്രി ഝാര്‍ഖണ്ഡിലെ സരായ്കെല ജില്ലയിലെ സിആര്‍പിഎഫ് ക്യാമ്പിലാണ് സംഭവം നടന്നത്.
സഹപ്രവര്‍ത്തകര്‍ക്ക് നേരെ പ്രകോപനമൊന്നും കൂടാതെ വെടിയുതിര്‍ത്ത ഹര്‍പിന്ദര്‍ സിംഗ് എന്ന കോണ്‍സ്റ്റബിള്‍ ക്യാമ്പില്‍ സെണ്ട്രി ജോലിയിലായിരുന്നു. രാത്രി പത്ത് മണിയോടെ ഇയാള്‍ പ്രകോപനമില്ലാതെ സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. ബിസാഹു സിംഗ് എന്ന അസിസ്റ്റന്റ് കമാന്‍ഡാന്റ് ഉള്‍പ്പെടെ ആറ് പേരാണ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്.
ഹര്‍പീന്ദര്‍ സിംഗ് വെടിവയ്പ് തുടര്‍ന്നതു കാരണം ക്യാമ്പിലുണ്ടായിരുന്ന മറ്റ് ജവാന്മാര് രണ്ട് മണിയോടെ ഇയാളെയും വെടിവച്ചു കൊല്ലുകയായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.