ചെന്നൈയില്‍ ‘എന്കൌണ്ടര്’; 5 കുട്ടി ക്രിമിനലുകളും മരിച്ചു!
ചെന്നൈ|
WEBDUNIA|
PRO
PRO
ബാങ്കുകൊള്ള ഹോബിയാക്കിയ വിദ്യാര്‍ത്ഥി സംഘത്തെ ചെന്നൈ പൊലീസ് വെടിവെച്ച് കൊന്നു. ചെന്നൈ പെരുങ്കുടിയിലെ ബാങ്ക് ഓഫ് ബറോഡ, കീഴ്ക്കട്ടളൈ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവിടങ്ങളില്‍ നിന്ന് തോക്കുചൂണ്ടി 34 ലക്ഷം കവര്‍ന്ന റൌഡി സംഘമാണ് പൊലീസിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ഹോളിവുഡ് ആക്ഷന്‍ പടങ്ങളെ അനുസ്മരിക്കുന്ന തരത്തില്‍ കൊള്ളസംഘവും പൊലീസും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടല്‍ വന്‍ മാധ്യമശ്രദ്ധയാണ് പിടിച്ച് പറ്റിയിരിക്കുന്നത്.
ഒരു മാസത്തിനുള്ളില്‍ രണ്ട് ബാങ്കുകള്‍ കൊള്ളയടിക്കപ്പെട്ടത് തമിഴ്നാട് പൊലീസ് അഭിമാന പ്രശ്നമായാണ് എടുത്തിരുന്നത്. ഇതിനെ തുടര്‍ന്ന് പൊലീസ് നഗരമെങ്ങും 40 അന്വേഷണ സംഘങ്ങളെ വിന്യസിച്ചു. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് കൊള്ളസംഘത്തിന്റെ തലവനെ പറ്റി തുമ്പ് ലഭിച്ചത്. പൊലീസിന് ഇയാളുടെ ഫോട്ടോയും ലഭിച്ചു. ഇയാളുടെ ഫോട്ടോ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട പൊലീസിന് പിന്നെ അധികം കാത്തിരിക്കേണ്ടി വന്നില്ല.
കൊള്ളസംഘം താമസിച്ചിരുന്ന വീടിന്റെ ഉടമയുടെ മകള്‍ തന്നെയാണ് പൊലീസിനെ ഫോണിലൂടെ വിവരം അറിയിച്ചത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് വേളച്ചേരിയിലെ വണ്ടിക്കാരന് ഹൌസിംഗ് ബോര്‍ഡ് കോളനിയില്‍ കൊള്ളക്കാര്‍ ഒളിച്ചിരിക്കുകയായിരുന്ന വീട് പൊലീസ് സംഘം വളഞ്ഞതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. കീഴടങ്ങാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും കൊള്ളക്കാര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പ്രത്യാക്രമണം നടത്തി. ഏറ്റുമുട്ടല്‍ ഒരു മണിക്കൂര്‍ നീണ്ടുനിന്നു.
കൊള്ളസംഘത്തിന്റെ തലവനായ വിനോദ് കുമാര്‍, വിനയ് പ്രസാദ്, ഹരീഷ് കുമാര്‍, അബേ കുമാര്‍, സരിഗര് എന്നിവരാണ് കൊല്ലപ്പെട്ടത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള യുവാവാണ് സരിഗര്. മറ്റുള്ളവരെല്ലാം ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഇതില്‍ വിനോദ് കുമാര്‍ നഗരത്തിലെ പ്രശസ്ത എഞ്ചിനീയറിംഗ് കൊളേജായ എസ്ആര്‍എം കൊളേജില്‍ നിന്ന് എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞയാളാണ്. ബാക്കിയുള്ളവരും വിദ്യാര്‍ത്ഥികള്‍ തന്നെ.
വെടിവെപ്പില്‍ രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കൊള്ളസംഘം പൊലീസ് സംഘത്തിന് നേരെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. ക്രിസ്റ്റിയന്‍ ജയശീലന്‍, രവി എന്നീ പൊലീസുകാരാണ് ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത്. കൊള്ളസംഘം താമസിച്ചിരുന്ന മുറിയില്‍ നിന്ന് പത്തുലക്ഷം രൂപയോളം പൊലീസിന് കിട്ടിയിട്ടുണ്ട്.