ഗേറ്റ്സ് ഇന്ദിരാഗാന്ധി പുരസ്കാരം ഏറ്റുവാങ്ങി

ന്യൂഡല്‍ഹി| WEBDUNIA| Last Modified ശനി, 25 ജൂലൈ 2009 (18:42 IST)
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് രാഷ്ട്രപതി പ്രതിഭാ പാട്ടീലില്‍ നിന്നും ഇന്ദിരാഗാന്ധി പുരസ്കാരം ഏറ്റുവാങ്ങി. 2007ലെ പുരസ്കാര ദാനമാണ് ശനിയാഴ്ച നടന്നത്.

സമാധാനം, നിരായുധീകരണം, വികസനം എന്നീ മേഖലകളിലെ മികവുറ്റ പ്രവര്‍ത്തനത്തിനാണ് ഇന്ദിരാഗാന്ധി പുരസ്കാരം നല്‍കി വരുന്നത്. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷനു വേണ്ടിയാണ് ബില്‍ ഗേറ്റ്സ് അവാര്‍ഡ് സ്വീകരിച്ചത്. ഇന്ത്യയിലും ശക്തമായ സാന്നിധ്യമുള്ള ഫൌണ്ടേഷന്‍ എച്ച് ഐ വി/എയിഡ്സ് രോഗത്തിനെതിരെയാണ് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്.

കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വ്യക്തിപ്രഭാവമുള്ള ഒരു നേതാവിന്റെ പേരിലുള്ള ഈ പുരസ്കാരം നല്‍കുന്നതില്‍ അഭിമാനമുണ്ടെന്നും അതേസമയം ലോകത്തിലെ പ്രമുഖ വ്യക്തികളും സംഘടനകളും അവാര്‍ഡ് ഏറ്റുവാങ്ങുന്നതിലൂടെ ഇന്ദിരാഗാന്ധി ആദരിക്കപ്പെടുകയാണെന്നും ചടങ്ങില്‍ പങ്കെടുത്ത പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് പറഞ്ഞു.

വിജ്ഞാനത്തിലൂടെ സമ്പത്ത് ഉണ്ടാക്കാമെന്ന് ലോകത്തിന് കാണിച്ചു കൊടുത്ത വ്യക്തികളില്‍ ഒരാളാണ് ബില്‍ ഗേറ്റ്സ്. എന്നാല്‍, സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ക്കും ലാഭേച്ഛയില്ലാതെ സമ്പത്തിന്റെ പ്രയോജനം പങ്കിടാന്‍ സാധിച്ച ചുരുക്കം ചില വ്യക്തികളില്‍ ഒരാളാവാന്‍ ഗേറ്റ്സിന് സാധിച്ചു എന്നും സിംഗ് പറഞ്ഞു.

ഗേറ്റ്സ് ഫൌണ്ടേഷന്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയത് 2003ല്‍ ആണ്. 200 മില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ എയിഡ്സ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ഇന്ത്യയില്‍ നടത്തുന്നത്. ഇന്ത്യയില്‍ 2.47 ദശലക്ഷം ആളുകള്‍ എച്ച്‌ഐവി ബാധിതരാണെന്നാണ് കണക്കാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :