കോടതി തിരുത്തി - “മതവിശ്വാസത്തില്‍ കൈകടത്തരുത്”

ന്യൂഡല്‍ഹി| WEBDUNIA|
PRO
മതം‌മാറ്റം സംബന്ധിച്ച വിവാദ പരാമര്‍ശം ഒടുവില്‍ സുപ്രീംകോടതി തിരുത്തി. “ബലപ്രയോഗത്തിലൂടെയോ, പ്രകോപിപ്പിച്ചോ, ഒരു മതം മറ്റൊന്നിനേക്കാള്‍ മികച്ചതാണെന്നു തെറ്റിദ്ധരിപ്പിച്ചോ ജനങ്ങളുടെ മതവിശ്വാസത്തില്‍ കൈകടത്തുന്നത് തെറ്റാണ്” എന്ന പരാമര്‍ശമാണ് തിരുത്തിയത്. ഇതിനു പകരം “മറ്റൊരാളുടെ മതവിശ്വാസത്തില്‍ കൈ കടത്തുന്നത്‌ ശരിയല്ല” എന്ന് കോടതി കൂട്ടിച്ചേര്‍ത്തു.

ഒറീസയില്‍ ഓസ്ട്രേലിയന്‍ മിഷണറി ഗ്രഹാം സ്റ്റെയിന്‍സിനെ വധിച്ച കേസ്‌ പരിണഗക്കവേയാണ് സുപ്രീംകോടതി വിവാദ പരാമര്‍ശത്തില്‍ മാറ്റം വരുത്തിയത്. വിധിയുടെ എഴുപത്താറാം പേജിലെ നാല്‍പ്പത്തിമൂന്നാം പാരഗ്രാഫിന്‍റെ അവസാനത്തേതില്‍ നിന്നുള്ള രണ്ടാമത്തെ വാചകമാണ് തിരുത്തിയത്.

ബലപ്രയോഗത്തിലൂടെയോ, പ്രകോപിപ്പിച്ചോ, തെറ്റിദ്ധരിപ്പിച്ചോ മതവിശ്വാസത്തില്‍ കൈകടത്തുന്നത് തെറ്റാണ് എന്ന പരാമര്‍ശം വിവാദം ക്ഷണിച്ചുവരുത്തിയ സാഹചര്യത്തില്‍ സ്വമേധയാ തിരുത്തല്‍ വരുത്താന്‍ ജസ്റ്റിസ് പി സദാശിവവും ബി എസ് ചൌഹാനും ഉള്‍പ്പെട്ട ബഞ്ച് തീരുമാനിക്കുകയായിരുന്നു.

കേസിലെ പ്രതി ദാരാസിംഗിന്‍റെ ജീവപര്യന്തം ശരിവച്ചു കൊണ്ട് കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി വിവാദ പരാമര്‍ശം നടത്തിയത്. ജീവപര്യന്തം കുറഞ്ഞ ശിക്ഷയാണെന്നും, വധശിക്ഷ നല്‍കണമെന്നുമുള്ള സി ബി ഐയുടെ വാദം കോടതി തള്ളിക്കളയുകയായിരുന്നു. സ്റ്റെയിന്‍സ് വധക്കേസിനെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി കാണാനാകില്ലെന്നാണ് സുപ്രീംകോടതി വിലയിരുത്തിയത്.

1999 ജനുവരിയിലാണ് ഗ്രഹാം സ്റ്റെയ്ന്‍സിനെയും മക്കളെയും ഒറീസയിലെ മനോഹര്‍പൂര്‍ ഗ്രാമത്തില്‍ വച്ച്‌ ദാരാസിങും അനുയായികളും കാറിലിട്ട്‌ ചുട്ടുകൊന്നത്. സ്റ്റെയ്ന്‍സ് മതംമാറ്റം നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു കൂട്ടക്കൊല. കേസ് ആദ്യം പരിഗണിച്ച സെഷന്‍സ് കോടതി ദാരാസിംഗിന് വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ അപ്പീല്‍ പരിഗണിച്ച ഒറീസ ഹൈക്കോടതി ശിക്ഷ ജീവപര്യന്തമായി കുറച്ചു. ഈ വിധിയാണ് സുപ്രീം‌കോടതി ശരിവച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :