കര്‍ണ്ണാടകയില്‍ 2008 ല്‍ നിയമസഭ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള പ്രാരംഭ നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ആരംഭിച്ചു. വോട്ടേഴ്സ് ലിസ്റ്റ് തയ്യാറാക്കുന്ന ജോലി നിരീക്ഷിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
അതേസമയം ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും തകര്‍പ്പന്‍ വിജയങ്ങള്‍ നേടിയ ബി.ജെ.പി കര്‍ണ്ണാടകയില്‍ വിജയിക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ്. കര്‍ണ്ണാടകയില്‍ ബി.ജെ.പി വിജയിക്കുമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു. കര്‍ണ്ണാടകയില്‍ ബി.ജെ.പിക്ക് അനുകൂലമായ തരംഗം നിലനില്‍ക്കുന്നുണ്ടെന്ന് ബി.ജെ.പി കരുതുന്നു.
മികച്ച സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചും ആസൂത്രണ മികവുകൊണ്ടും കര്‍ണ്ണാടകയില്‍ ഭരണത്തിലേറാമെന്നാണ് കോണ്‍ഗ്രസ് വിശ്വാസം. ജനതാദള്‍ സെക്യുലറിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് താന്‍ നേതൃത്വം നല്‍കുമെന്ന് മുന്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി പറഞ്ഞിരുന്നു.