2ജി അഴിമതി കേസില്‍ അറസ്റ്റിലായ ഡിഎംകെ എംപി കനിമൊഴിയുടെയും കലൈഞ്ജര്‍ ടിവി എംഡി ശരദ് കുമാറിന്റെയും ജാമ്യാപേക്ഷകള്‍ വിധിപറയുന്നതിനായി ഡല്‍ഹി ഹൈക്കോടതി മാറ്റിവച്ചു.
മെയ് 23 ന് ആണ് കനിമൊഴി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. 24 ന് ഹര്‍ജി പരിഗണിച്ച കോടതി വാദം കേള്‍ക്കുന്നത് മുപ്പതിലേക്ക് മാറ്റുകയായിരുന്നു. ജാമ്യാപേക്ഷയുടെ കാര്യത്തില്‍ സിബിഐയുടെ തീരുമാനം അറിയിക്കണം എന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
കനിമൊഴിക്ക് ഒരു സ്ത്രീ എന്ന പരിഗണനയും അമ്മ എന്ന പരിഗണനയും നല്‍കണമെന്നാണ് അവരുടെ അഭിഭാഷകന് വാദിച്ചത്. എന്നാല്‍, സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് പണമിടപാടുകളെക്കുറിച്ച് കനിമൊഴിക്ക് അറിയാമായിരുന്നുവെന്നാണ് സിബിഐയുടെ നിലപാട്. കനിമൊഴി കേസിലെ പ്രധാന പ്രതിയാണെന്നും അതിനാല്‍ ആനുകൂല്യങ്ങളൊന്നും അനുവദിക്കാനാവില്ല എന്നുമാണ് സിബിഐ വാദിച്ചത്.
സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് രാംജഠ്മലാനിയാണു കനിമൊഴിക്കു വേണ്ടി കോടതിയില്‍ ഹാജരായത്.
കലൈഞ്ജര്‍ ടിവിക്ക് 214 കോടി രൂപ കൈമാറിയ സിനിയുഗ് ഫിലിംസ് ഡയറക്ടര്‍ കരിം മൊറാനിയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച രാവിലെ പട്യാലഹൌസ് കോടതി തള്ളിയിരുന്നു. അനാരോഗ്യവാനായതിനാല്‍ ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണമെന്നാണ് മൊറാനി വാദിച്ചത്. എന്നാല്‍, ജാമ്യം അനുവദിക്കാനാവില്ല എന്ന് പറഞ്ഞ കോടതി മൊറാനിക്ക് വിദഗ്ധ ചികിത്സ നല്‍കണമെന്നും ഉത്തരവിട്ടു.