ഒരു കുടുംബത്തിലെ 7 പേര്‍ക്ക് ജീവപര്യന്തം

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 24 ഫെബ്രുവരി 2012 (00:32 IST)
കൊലപാതക കേസില്‍ ഒരു കുടുംബത്തിലെ ഏഴുപേര്‍ക്ക് ജീവപര്യന്തം ശിക്ഷ. അയല്‍വാസിയെ കൊലപ്പെടുത്തിയ കേസിലാണ് ഡല്‍ഹി കോടതി ഇവര്‍ക്ക് ജീവപര്യന്തം തടവ്‌ ശിക്ഷ വിധിച്ചു. ജീവപര്യന്തത്തിന്‌ പുറമെ പ്രതികള്‍ 35,000 രൂപ പിഴ അടയ്ക്കണമെന്നും അഡിഷണല്‍ സെഷന്‍സ്‌ ജഡ്ജ്‌ ബിമല കുമാരി ഉത്തരവിട്ടു.

നോര്‍ത്ത് ഡല്‍ഹി സ്വദേശി അജയ്‌ എന്നയാളെയാണ് സ്ത്രീ ഉള്‍പ്പെടുന്ന ഏഴുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. 2005 സെപ്റ്റംബര്‍ അഞ്ചിനാണ്‌ കേസിനാസ്പദമായ സംഭവം നടന്നത്‌. വീടിന്‌ സമീപം മാലിന്യം നിക്ഷേപിച്ചതു സംബന്ധിച്ച തര്‍ക്കമാണ്‌ കൊലപാതകത്തില്‍ കലാശിച്ചത്‌.

വാക്കുതര്‍ക്കത്തെത്തുടര്‍ന്ന്‌ വാള്‍, ഇരുമ്പ്‌ പൈപ്പ്‌ എന്നിവ ഉപയോഗിച്ച്‌ അജയിനെ അക്രമിച്ച്‌ കൊലപ്പെടുത്തിയെന്നാണ്‌ പ്രോസിക്യൂഷന്‍ കേസ്‌. അജയിന്റെ ഭാര്യ മീനു, സഹോദരി വിമല എന്നിവര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. അജയ്‌ മരിച്ചെന്ന്‌ ഉറപ്പാക്കും വരെ സംഘം ആക്രമണം നടത്തിയെന്ന മകന്റെ മൊഴിയാണ്‌ കേസില്‍ നിര്‍ണായകമായത്‌. നോര്‍ത്ത് ഡല്‍ഹി സ്വദേശികളായ അശോക്‌, ഭാര്യ ആഷ, അനില്‍, അനര്‍, രാജ്‌, ശൈലേന്ദ്ര, ആനന്ദ്‌, ധരംപാല്‍ എന്നിവരാണ്‌ ശിക്ഷിക്കപ്പെട്ടത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :