ജീവനക്കാര്‍ക്ക് ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തുന്ന കമ്പനികളോട് എച്ച്.ഐ.വി - എയിഡ്സ് ചികിത്സയ്ക്കുള്ള പരിരക്ഷ കൂടി ഉള്‍പ്പെടുത്താന്‍ കേന്ദ്ര തൊഴില്‍ക്ഷേമ മന്ത്രാലയം ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച കരട് നയം വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്ക് അയയ്ക്കുകയും എച്ച്.എഇ.വി - എയിഡ്സ് പരിരക്ഷയ്ക്കുള്ള വകുപ്പ് ഇന്‍ഷൂറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എല്ലാ ജീവനക്കാര്‍ക്കും നിര്‍ബന്ധിത ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് ഈ കരട് നയത്തില്‍ ഉള്ക്കൊള്ളിച്ചിട്ടുള്ളതായറിയുന്നു.
നിലവില്‍ ജീവനക്കാര്‍ക്ക് ഒരുലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കാനായി 1,500 തൊട്ട് 2,500 രൂപാ വരെയാണ് കമ്പനികള്‍ പ്രീമിയമായി അടയ്ക്കുന്നത്. എച്ച്.ഐ.വി - എയിഡ്സ് ചികിത്സയ്ക്കുള്ള പരിരക്ഷ ഉള്‍പ്പെടുത്തുന്നതോടെ ഈ പ്രീമിയം തുക നൂറ് ശതമാനത്തോളം വര്‍ദ്ധിക്കുമെന്ന് അറിയുന്നു.
എന്നാല്‍ സര്‍ക്കാരിന്റെ ഈ നീക്കം ഇന്‍ഷൂറന്‍സ് കമ്പനികളെ സന്തോഷിപ്പിക്കാനിടയില്ല. ഇപ്പോള്‍ തന്നെ ഇന്‍ഷൂറന്‍സ് മേഖല ലാഭത്തിലല്ല പ്രവര്‍ത്തിക്കുന്നത്. എച്ച്.ഐ.വി - എയിഡ്സ് ചികിത്സയ്ക്കുള്ള തുക നല്‍കേണ്ട ബാധ്യത കൂടി ഏറ്റെടുത്താല്‍ മിക്ക ഇന്‍ഷൂറന്‍സ് കമ്പനികളും അടച്ചുപൂട്ടേണ്ടി വരുമെന്ന് ഇന്‍ഷൂറന്‍സ് മേഖലാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എയിഡ്സിനുള്ള ചികിത്സ വളരെ ചെലവേറിയതാണെന്നതാണ് പ്രധാനകാരണം.