വാഷിംഗ്ടണ്‍|
WEBDUNIA|
Last Modified വെള്ളി, 20 ഫെബ്രുവരി 2009 (09:24 IST)
നവംബറിലെ മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തത് പാകിസ്ഥാനിലാണെന്ന് തെളിയിക്കുന്ന നിര്‍ണായക തെളിവുകള്‍ യു എസ് അന്വേഷണ ഏജന്‍സിയായ എഫ് ബി ഐ മുംബൈ പൊലീസിനു കൈമാറി.
പാകിസ്ഥാനിലെത്തി എഫ് ബി ഐ സംഘം ശേഖരിച്ച തെളിവുകളാണു അന്വേഷണ സംഘത്തലവനായ മുംബൈ പൊലീസിലെ ഡിഐജി ദേവന്‍ ഭാരതിക്കു എഫ്ബിഐ കൈമാറിയത്.
വോയ്സ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോകോള്‍ വിവരങ്ങള്‍, ഭീകരര്‍ ഉപയോഗിച്ച സാറ്റലൈറ്റ് ഫോണ്‍ വിവരങ്ങള്‍, ഇ മെയില്‍ സന്ദേശങ്ങളിലെ തെളിവുകള്‍, ഭീകരര്‍ ഉപയോഗിച്ച വെടിയുണ്ടകളുടെ ഫോറന്‍സിക് തെളിവുകള്‍, ഭീകരരും അവരെ നിയന്ത്രിച്ചവരെയും കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ അടങ്ങുന്നതാണ് എഫ് ബി ഐ കൈമാറിയ തെളിവുകള്‍.
തെളിവുകളുമായി ഇന്നലെ പൊലീസ് സംഘം ഇന്ത്യയിലേക്കു തിരിച്ചു. അന്വേഷണ പുരോഗതിയെ കൂടുതല്‍ ബലപ്പെടുത്തുന്നതിനാവശ്യമായ തെളിവുകളാണ് എഫ് ബി ഐ ഇന്ത്യക്കു കൈമാറിയതെന്നാണ് മുംബൈ പൊലീസ് വൃത്തങ്ങള്‍ അറിയിച്ചത്. ആക്രമണവേളയില്‍ ഇന്‍റര്‍നെറ്റ്, സാറ്റലൈറ്റ് ഫോണ്‍ സംവിധാനം ഉപയോഗിച്ച് തീവ്രവാദികള്‍ അവരുടെ നേതാക്കളുമായി നടത്തിയ സംഭാഷണങ്ങള്‍ നിര്‍ണായക തെളിവാകുമെന്നാണ് പൊലീസിന്‍റെ വിശ്വാസം.
മുംബൈ ആക്രമണത്തിന് ഭീകരര്‍ ഉപയോഗിച്ച വെടിയുണ്ടകളുടെ ഫോറന്‍സിക് റിപ്പോര്‍ട്ടും തെളിവുകളുടെ കൂട്ടത്തില്‍പെടുന്നു. മുംബൈ ആക്രമണം ആസൂത്രണം ചെയ്തത് പാകിസ്ഥാനിലല്ലെന്ന അവകാശവാദത്തെ ഖണ്ഡിക്കുന്നതാണ് എഫ് ബി ഐ നല്‍കിയ തെളിവുകള്‍. 2005ല്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒപ്പുവച്ച പരസ്പര നിയമസഹായ കരാര്‍ അനുസരിച്ചാണ് വിവരങ്ങള്‍ കൈമാറിയത്.