ഒരു എടിഎം പൊളിച്ച് പണം മോഷ്ടിക്കാന്‍ അധികം ഒരുക്കമെന്നും വേണ്ട എന്ന് കഴിഞ്ഞ ആഴ്ച ഹൈദരാബാദില്‍ നടന്ന ഒരു മോഷണം വ്യക്തമാക്കുന്നു. സൈദാബാദിലുള്ള എടിഎം തകര്‍ത്ത് ഒരാള്‍ 20 ലക്ഷം രൂപ മോഷ്ടിച്ചത് വെറുമൊരു സ്ക്രൂ ഡ്രൈവര്‍ കൊണ്ടായിരുന്നു എന്ന് പൊലീസ് വെളിപ്പെടുത്തുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദിന്റെ എടിഎമ്മില്‍ ശനിയാഴ്ചയാണ് മോഷണം നടന്നത് എങ്കിലും ഞായറാഴ്ചയോടെ മാത്രമാണ് അധികൃതര്‍ക്ക് വിവരം ലഭിച്ചത്. ശനിയാഴ്ച രാത്രിയില്‍ നടന്ന മോഷണത്തിന്റെ വിശദാംശങ്ങള്‍ സുരക്ഷാ ക്യാമറയുടെ ഫൂട്ടേജില്‍ നിന്നാണ് മനസ്സിലായത്.
രാത്രി രണ്ട് മണിയോടെ എടിഎമ്മില്‍ എത്തിയ മോഷ്ടാവ് സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് അതിന്റെ പുറം കവര്‍ അഴിച്ചു. അകത്തെ കവറും അനായാസമായി തുറന്ന ഇയാള്‍ 20.05 ലക്ഷം രൂപ തൂത്തുവാരി സ്ഥലം കാലിയാക്കി! രണ്ടാമത്തെ കവര്‍ സുരക്ഷാ കോഡ് ഉപയോഗിച്ചു മാത്രമേ തുറക്കാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍, തൊട്ടു മുമ്പിലത്തെ തവണ പണം നിറച്ചവര്‍ എടിഎം ശരിയായ രീതിയില്‍ അടയ്ക്കാതിരുന്നത് മോഷ്ടാവിന്റെ ജോലി എളുപ്പമാക്കുകയായിരുന്നു.
സൈദാബാദിലെ എടിഎം കേന്ദ്രത്തിലുണ്ടായിരുന്ന രണ്ടാമത്തെ മെഷീന് തുറക്കുന്നതിനും മോഷ്ടാവ് ശ്രമിച്ചു എങ്കിലും അതിന്റെ സുരക്ഷാ പരിരക്ഷയുള്ള രണ്ടാമത്തെ കവര്‍ തുറക്കാന്‍ കഴിഞ്ഞില്ല. കൂടുതല്‍ ശ്രമം നടത്താതെ മോഷ്ടാവ് ലഭിച്ച പണവുമായി രക്ഷപെടുകയും ചെയ്തു.