ഇന്ത്യയില്‍ പ്രശസ്ത ആരാധനാലയങ്ങളില്‍ ഒന്നായ ആസാമിലെ കാമക്യ ക്ഷേത്രത്തില്‍ നരബലി നടന്നതായി സംശയം. വെള്ളിയാഴ്ച രാവിലെയാണ് ക്ഷേത്ര കോമ്പൌണ്ടിനുള്ളില്‍ നിന്ന് പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ നിലയില്‍ മനുഷ്യ ശിരസ് ലഭിച്ചത്. ക്ഷേത്ര പരിസരത്തുനിന്ന് മനുഷ്യശിരസ് കണ്ടെടുത്ത സംഭവം അറിഞ്ഞതോടെ ഭക്തര്‍ അമ്പരപ്പിലാണ്.
പ്ലാസ്റ്റിക് ബാഗിനുള്ളില്‍ മനുഷ്യശിരസ് കൂടാതെ ശ്ലോകങ്ങള്‍ എഴുതിയ കടലാസും ഉണ്ടായിരുന്നു. പ്ലാസ്റ്റിക് ബാഗിനുള്ളില്‍ രക്തക്കറ ഒന്നും കാണാത്തതിനാല്‍ മറ്റെവിടെയോ വച്ച് ഉടലറുത്ത് ശിരസ് മാത്രം ക്ഷേത്രത്തില്‍ കൊണ്ടിട്ടതാകാം എന്ന് പൊലീസ് കരുതുന്നു. എന്തായാലും നടന്നത് നരബലിയാണോ കൊലപാതകമാണോ എന്ന് വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ പറയാനാകൂ.
ഏഴ് വര്‍ഷം മുമ്പ് കാമക്യാ ക്ഷേത്രത്തിലെ കാവല്ക്കാരിലൊരാള് ഒന്നര വയസുള്ള ഒരാണ്‍കുട്ടിയെ നരബലി കൊടുക്കാന്‍ ശ്രമിച്ചത് ഏറെ ഞെട്ടലുണ്ടാക്കിയ വാര്‍ത്തയായിരുന്നു. പൊലീസിന്റെ സമയോചിതമായ ഇടപെടല്‍ കാരണമാണ് ആ നരബലി നടക്കാതെ പോയത്.
ആസാമിലെ പല ക്ഷേത്രങ്ങളില്‍ പതിനെട്ടാം നൂറ്റാണ്ടുവരെ നരബലി നടന്ന് വന്നിരുന്നതായി ചരിത്രകാരന്മാര് പറയുന്നു. അറുപത് വര്‍ഷം മുമ്പുവരെ മനുഷ്യ ശിരസ് അറുക്കുന്നത് ഒരു വിനോദമായി നാഗാ ഗോത്രക്കാരും ഗോയംഗ് ഗോത്രക്കാരും കൊണ്ടാടിയിരുന്നു. ഏറ്റവും കൂടുതല്‍ തലയറുക്കുന്നവര് ഏറ്റവും ധീരനായും വീരനായും കണക്കാക്കപ്പെട്ടിരുന്നു. ഇപ്പോഴും നാഗാ ഗോത്രക്കാരുടെ ചിലരുടെ വീടുകളില്‍ പഴയ വിനോദത്തിന്റെ ബാക്കിപത്രമായി മനുഷ്യന്റെ തലയോട്ടിക്കൂമ്പാരം കാണാം.