ഇന്ത്യയ്ക്ക് യുദ്ധക്കൊതിയില്ല: ആന്‍റണി

കൊച്ചി| WEBDUNIA|
PRO
ഇന്ത്യയ്ക്ക് യുദ്ധക്കൊതിയില്ലെന്നും അതിര്‍ത്തിയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കണമെന്ന് അതിമോഹമുള്ള രാജ്യമല്ല ഇന്ത്യയെന്നും പ്രതിരോധമന്ത്രി എ കെ ആന്‍റണി. തീരദേശസേനയുടെ കൊച്ചി ആസ്ഥാനത്ത്‌ മികച്ച സേവനത്തിനുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

“അയല്‍ രാജ്യങ്ങളുമായി നമുക്ക് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരിക്കാം. എന്നാല്‍ അതിര്‍ത്തിയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കണമെന്ന് ആഗ്രഹമുള്ള രാജ്യമല്ല നമ്മുടേത്. നമ്മള്‍ യുദ്ധക്കൊതിയുള്ള രാജ്യവുമല്ല” - ഇന്ത്യന്‍ സൈനിക മേധാവി ദീപക് കപൂര്‍ കഴിഞ്ഞ ദിവസം നടത്തിയ ഒരു പ്രസ്താവനയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ആന്‍റണി.

പാകിസ്ഥാനുമായും ചൈനയുമായും ഒരേസമയം യുദ്ധം ചെയ്യാന്‍ സജ്ജമാണെന്നായിരുന്നു ഡല്‍‌ഹിയില്‍ ഒരു സെമിനാറില്‍ ദീപക് കപൂര്‍ അഭിപ്രായപ്പെട്ടത്.

കശ്മീര്‍ വിഷയത്തെക്കുറിച്ചും കൊച്ചിയില്‍ ആന്‍റണി പ്രതികരിച്ചു. “കശ്മീരിലേക്ക് നുഴഞ്ഞു കയറാനായി തീവ്രവാദികള്‍ തക്കം പാര്‍ത്തു നില്‍ക്കുകയാണ്. വളരെ ഗൌരവമുള്ള ഒരു വിഷയമാണത്. എന്നാല്‍ പാകിസ്ഥാന്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല.” - ആന്‍റണി പറഞ്ഞു. പാകിസ്ഥാന്‍ അവരുടെ പ്രതിരോധ ബജറ്റില്‍ വര്‍ദ്ധനവ് വരുത്തിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘നമ്മുടെ രാജ്യത്തിന്‍റെ സുരക്ഷയ്ക്കായി നമ്മളും വേണ്ടതു ചെയ്യും’ എന്നായിരുന്നു പ്രതിരോധമന്ത്രിയുടെ മറുപടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :