ഇന്ത്യയില്‍ ഭീകര ദൌത്യവുമായി പൈലറ്റുമാരും

മുംബൈ| PRATHAPA CHANDRAN|
ഭീകരാക്രമണവും വിമാന റാഞ്ചലും ലക്‍ഷ്യമിട്ട് പരിശീലനം സിദ്ധിച്ച എട്ടോളം പൈലറ്റുമാരും പന്ത്രണ്ടോളം വനിതാ ഫിദായദീനുകളും ഇന്ത്യയില്‍ കടന്നു എന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര പൊലീസിനും മറ്റ് സുരക്ഷാ ഏജന്‍സികള്‍ക്കും ലഭിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ രാജ്യമൊട്ടാകെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

ആറ് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇരുപതോളം അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഭീകര സംഘം ഇന്ത്യയിലേക്ക് കടന്നു എന്ന റിപ്പോര്‍ട്ട് ലഭിച്ചത്. ഇതിനു ശേഷമാണ് മുംബൈയിലെയും ചെന്നൈയിലെയും ടാജ് ഗ്രൂപ്പ് സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന ഇ-മെയില്‍ ഭീഷണി സന്ദേശം ലഭിച്ചത്.

പാകിസ്ഥാനില്‍ നിന്നുള്ളവരെന്ന് കരുതുന്ന 13-14 സ്ത്രീകളും എട്ടോളം പരിശീലനം സിദ്ധിച്ച പൈലറ്റുമാരും അടങ്ങുന്ന സംഘം ഇന്ത്യയിലേക്ക് കടന്നിട്ടുണ്ട് എന്നാണ് ഇന്ത്യയിലെ സുരക്ഷാ ഏജന്‍സികള്‍ക്ക് നല്‍കിയിരിക്കുന്ന വിവരം. ഇവരുടെ ലക്‍ഷ്യം ഭീ‍കാരാക്രമണമോ വിമാനം റാഞ്ചലോ ആവാമെന്നാണ് സൂചന.

എന്നാല്‍, ഭീകരര്‍ എപ്രകാരമാണ് നുഴഞ്ഞ് കയറിയതെന്നോ ഏത് പ്രായത്തിലുള്ളവരാണ് സംഘത്തില്‍ ഉള്ളതെന്നോ വ്യക്തമല്ല. സംഘം ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഭീകരാക്രമണം നടത്താന്‍ ലക്‍ഷ്യമിട്ടേക്കാമെന്നും സൂചനയുണ്ട്.

ഭീഷണിയെ കുറിച്ച് വ്യോമയാന മന്ത്രാലയത്തിനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 26/11 മുംബൈ ഭീകരാക്രമണത്തിനു ശേഷം വോമയാന മന്ത്രാലയത്തിന് തുടരെ ഭീഷണി ലഭിച്ചുകൊണ്ടിരുന്നു എങ്കിലും ഇപ്പോഴത്തേത് അതീവ ഗൌരവതരമായിട്ടാണ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :