ഇന്ത്യന്‍ കോച്ചിനെ വീണ്ടും അപമാനിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പ്രമുഖ അത്‌ലറ്റ് മില്‍ഖ സിംഗിന്റെ മകനും ഇന്ത്യന്‍ ഗോള്‍ഫറുമായ ജീവ് മില്‍ഖ സിംഗിന്റെ പരിശീലകന് മിലാന്‍ വിമാനത്താവളത്തില്‍ വീണ്ടും അപമാനം. ജീവിന്റെ ഗോള്‍ഫ് പരിശീലകനായ അമ്രിതിന്ദര്‍ സിംഗിനോട് അധികൃതര്‍ തലപ്പാവ് അഴിച്ചുമാറ്റണം എന്നാവശ്യപ്പെടുകയായിരുന്നു. സമാനമായ രീതിയില്‍ മാര്‍ച്ച് 15-ന് ഇതേ വിമാനത്താവള അധികൃതര്‍ അമ്രിതിന്ദറിനെ അപമാനിച്ചിരുന്നു.

ജീവ് മാറ്റുരയ്ക്കുന്ന ചില ടൂര്‍ണമെന്റുകളുമായി ബന്ധപ്പെട്ട് ഇരുവരും ഇറ്റലിയില്‍ പര്യടനത്തിലാണിപ്പോള്‍.

കോച്ചിന് വീണ്ടും അവഹേളനം നേരിട്ട സംഭവത്തെ വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണ ബുധനാഴ്ച അപലപിച്ചു. ഇന്ത്യയെ അപമാനിക്കുന്നതിന് തുല്യമാണിതെന്ന് അദ്ദേഹം പ്രതികരിച്ചു. ഇതിന്റെ നിജസ്ഥിതി അറിയാന്‍ ഇറ്റലിയുമായി ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം രാജ്യസഭയ്ക്ക് ഉറപ്പ് നല്‍കി. ശൂന്യവേളയില്‍ ബി ജെ പി നേതാവ് എസ് എസ് അലുവാലിയയാണ് ഈ വിഷയം സഭയില്‍ അവതരിപ്പിച്ചത്.

സിക്കുകാര്‍ ധരിക്കുന്ന തലപ്പാവ് ഗുരുദേവന്‍ അനുഗ്രഹിച്ച് നല്‍കിയതാണെന്ന് അലുവാലിയ ചൂണ്ടിക്കാട്ടി. അതിനെ അപമാനിക്കുന്നത് പൊറുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് 15-ന് നടന്ന സംഭവത്തില്‍ ഇറ്റാലിയന്‍ അംബാസഡര്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.
തന്റെ വ്യക്തിത്വത്തിന് തന്നെ അപമാനം ഏറ്റതായി അമ്രിതിന്ദര്‍ ആദ്യസംഭവത്തോട് പ്രതികരിച്ചിരുന്നു. താനൊരു കായിക പരിശീലകനാണെന്ന് അദ്ദേഹം പലവട്ടം പറഞ്ഞുനോക്കിയെങ്കിലും അധികൃതര്‍ അതൊന്നും ചെവിക്കൊണ്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :