ആഭ്യന്തരമന്ത്രി വിളിച്ചു, വരാന്‍ സൌകര്യമില്ലെന്ന് മുഖ്യമന്ത്രി!

കൊല്‍ക്കത്ത| WEBDUNIA|
PTI
ഉടന്‍ ഡല്‍ഹിയിലെത്തണമെന്ന് മുഖ്യമന്ത്രിയോട് കേന്ദ്ര ആഭ്യന്തരമന്ത്രി. വരാന്‍ സൌകര്യമില്ലെന്ന് മുഖ്യമന്ത്രി. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയോടാണ് ഉടന്‍ ഡല്‍ഹിയിലെത്തി തന്നെ കാണണമെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം ആവശ്യപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ വരാനാകില്ലെന്നും ഈ മാസം മൂന്നാം വാരമേ അതിന് തനിക്ക് സൌകര്യമുള്ളൂ എന്നും ബുദ്ധദേവ് അറിയിക്കുകയായിരുന്നു.

ലാല്‍‌ഗഡില്‍ സി പി എം പ്രവര്‍ത്തകരുടെ വെടിയേറ്റ് എട്ട് ഗ്രാമീണര്‍ കൊല്ലപ്പെടാനിടയായ സംഭവത്തെക്കുറിച്ച ചര്‍ച്ച ചെയ്യാനാണ് ഉടന്‍ ഡല്‍ഹിയിലെത്തണമെന്ന് ചിദംബരം നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഉടന്‍ പോകേണ്ടെന്ന് തന്നെയാണ് ബുദ്ധദേവിന്‍റെ തീരുമാനം.

ബംഗാളില്‍ അക്രമസംഭവങ്ങള്‍ പതിവായെന്നും ഇത് അനുവദിക്കാനാവില്ലെന്നും കേന്ദ്രമന്ത്രി പ്രണാബ് മുഖര്‍ജി പറഞ്ഞു. ബുദ്ധദേവിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടും അദ്ദേഹം പോയിട്ടില്ലെന്ന കാര്യം താന്‍ അറിഞ്ഞതായും പ്രണാബ് പറഞ്ഞു.

അതേസമയം, ഗ്രാമീണരെ സി പി എം പ്രവര്‍ത്തകര്‍ വെടിവച്ചുകൊന്നത് പൊലീസ് നല്‍കിയ വെടിയുണ്ടകള്‍ ഉപയോഗിച്ചാണെന്ന് തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി ആരോപിച്ചു. കേന്ദ്രഫണ്ട് ഉപയോഗിച്ച് ആയുധം വാങ്ങി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്‍കുകയാണ് സി പി എമ്മെന്നും അവര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :