ആന്‍ഡേഴ്സന്‍‍: ഒന്നും മറയ്ക്കാനില്ലെന്ന് മന്‍‌മോഹന്‍

ടൊറൊന്‍റോ| WEBDUNIA| Last Modified ചൊവ്വ, 29 ജൂണ്‍ 2010 (15:05 IST)
ഭോപ്പാല്‍ വാതക ദുരന്തക്കേസിലെ പിടികിട്ടാപ്പുള്ളി യൂണിയന്‍ കാര്‍ബൈഡ്‌ കമ്പനി മുന്‍ ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്സനെ വിട്ടയച്ചതുമായി ബന്ധപ്പെട്ട് ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ്. ആന്‍‌ഡേഴ്സനെ വിട്ടുകിട്ടുന്നതിനായി അമേരിക്കയുടെ ഭാഗത്തു നിന്ന് അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതിനായുള്ള ശ്രമങ്ങള്‍ നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കാനഡയില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആന്‍ഡേഴ്സനെ വിട്ടുകിട്ടണമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ താന്‍ ആവശ്യപ്പെട്ടിട്ടില്ല. ആന്‍ഡേഴ്സന് ഇന്ത്യ വിടാന്‍ അനുമതി കൊടുത്തത്‌ ആരെന്ന്‌ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മന്ത്രിസഭാ ഉപസമിതി ഇതേക്കുറിച്ചുള്ള രേഖകള്‍ പരിശോധിച്ചു. എന്നാല്‍ കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല - പ്രധാനമന്ത്രി പറഞ്ഞു.

രാജീവ് ഗാന്ധി, അര്‍ജ്ജുന്‍ സിംഗ് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ ആന്‍ഡേഴ്സന്‍ വിഷയത്തില്‍ സംശയത്തിന്‍റെ നിഴലില്‍ പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴും മന്‍‌മോഹന്‍ സിംഗ് പ്രതികരിച്ചതിങ്ങനെയാണ് - “ഞങ്ങള്‍ക്ക് ഒന്നും മറച്ചുവയ്ക്കാനില്ല.”


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :