അസ്സം തലസ്ഥാനമായ ഗുവാഹതിയിലുണ്ടായ സ്ഫോടന പരമ്പരയില്‍ മരണസംഖ്യ 40 ആയി ഉയര്‍ന്നതായി പോലീസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. മരണം 50നു മേല്‍ ഉയര്‍ന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. പതിനെട്ടിടങ്ങളില്‍ സ്ഫോടനം നടന്നതായാണ് വിവരം. 200ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഗണേഷ്പുരി, ഫാന്‍സി ബസാര്‍, ദിസ്പൂര്‍ റോഡ്, പാന്‍ ബസാര്‍ തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പടെ ഏഴിടങ്ങളില്‍ സ്ഫോടനം ഉണ്ടായെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയുടെ വസതിക്കു സമീപവും സ്ഫോടനം നടന്നു. സ്ഫോടനങ്ങളേ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശമുണ്ട്. അര്‍ദ്ധസൈനികവിഭാഗം സ്ഫോടനം നടന്ന സ്ഥലങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തിട്ടുണ്ട്.
ഉഗ്രസ്ഫോടനങ്ങളാണ് ഉണ്ടായതെന്ന് സൂചിപ്പിക്കുന്നതാണ് സ്ഫോടനം നടന്നയിടങ്ങളിലെ ദൃശ്യങ്ങള്‍. ജില്ലാ കോടതിയിലും വളപ്പിലും ശക്തിയേറിയ സ്ഫോടനം നടന്നു. അപ്പര്‍ അസ്സമില്‍ ബാര്പെറ്റാ, കോക്രച്ഛാര്, ബോംഗായിഗോണ് എന്നിവിടങ്ങളില്‍ സ്ഫോടനം നടന്നിട്ടുണ്ട്.
ഗുവാഹതിയിലെ ഏറ്റവും തിരക്കേറിയ മാര്‍ക്കറ്റുകളിലാണ് മറ്റു സ്ഫോടനങ്ങള്‍ നടന്നത്. ഉള്‍ഫയാണ് സ്ഫോടനത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്. എന്നാല്‍ സ്ഫോടനത്തിന്റെ തീവ്രതയും വ്യാപ്തിയും ഐഎസ്ഐ പോലെയുള്ള സംഘടനകളുടെ പിന്തുണ ആസൂത്രകര്‍ക്കു ലഭിച്ചിരിക്കാമെന്ന് സംശയം വളര്‍ത്തുന്നു.
തുടക്കത്തില്‍ ഗുവാഹതിയില്‍ നാലിടങ്ങളിലും അപ്പര്‍ അസ്സമില്‍ മൂന്നിടങ്ങളിലും സ്ഫോടനം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ അപ്പര്‍ അസ്സമില്‍ കൂടുതല്‍ സ്ഫോടനങ്ങള്‍ നടന്നതായി പിന്നീട് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ആര്‍ഡിഎക്സാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് കരുതുന്നത്.