അരുണാചല്‍ ഇന്ത്യയുടേത്: കൃഷ്ണ

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 18 സെപ്‌റ്റംബര്‍ 2009 (14:31 IST)
അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും രാജ്യത്തിന്റെ അഖണ്ഡതയും സ്വയംഭരണാവകാശവും അംഗീകരിക്കേണ്ടതുണ്ടെന്നും വിദേശകാര്യമന്ത്രി എസ് എം കൃഷ്ണ.

ഇന്ത്യയും ചൈനയും ശക്തരും മുതിര്‍ന്നവരും ആയ അയല്‍ക്കാരാണ്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പരസ്പര വിശ്വാസം അത്യാവശ്യമാണെന്നും കൃഷ്ണ ചൂണ്ടിക്കാട്ടി, ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കൃഷ്ണ.

ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനത്തെ കുറിച്ച് ചൈന ഉത്കണ്ഠ പ്രകടിപ്പിച്ചതിനെ കുറിച്ചും സംസ്ഥാനത്തെ വികസനപദ്ധതികള്‍ക്ക് ഏഷ്യന്‍ വികസന ബാങ്ക് (എഡിബി) നല്‍കുന്ന ധനസഹായം തടയാന്‍ ചൈന ശ്രമിക്കുന്നതിനെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് “ ഇന്ത്യയുടെ നിലപാട് വ്യക്തമാണ്, അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്” എന്നായിരുന്നു കൃഷ്ണയുടെ മറുപടി.

ചൈനയ്ക്ക് അവരുടെ സ്വന്തം വീക്ഷണങ്ങള്‍ ഉണ്ടായിരിക്കും. അരുണാചലിനെ കുറിച്ച് ഇന്ത്യയുടെ നിലപാട് വളരെ വ്യക്തമാണ്. ഇന്ത്യയുടെ അഖണ്ഡതയും സ്വയംഭരണാവകാശവും തീര്‍ച്ചയായും ബഹുമാനിക്കപ്പെടേണ്ടതുണ്ട്.

ചൈനീസ് കടന്നുകയറ്റത്തെ കുറിച്ച് ഉയരുന്ന ആശങ്കകള്‍ മന്ത്രിയുടെ ശ്രദ്ധയില്‍‌പെടുത്തിയപ്പോള്‍, “ അതിര്‍ത്തി സുരക്ഷിതമാണ്. ഇന്ത്യന്‍ സായുധ സേനയ്ക്ക് അതിര്‍ത്തി സംരക്ഷിക്കാനുള്ള കഴിവുണ്ട്”, എന്നായിരുന്നു ഇന്ത്യന്‍ വിദേശകാര്യമന്ത്രി പ്രതികരിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :