അരുണാചലില്‍ 14 പെണ്‍കുട്ടികളെ പീഡീപ്പിച്ചയാള്‍ മലയാളി?

ഇറ്റാനഗര്‍| WEBDUNIA|
PRO
അരുണാചല്‍ പ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത 14 പെണ്‍കുട്ടികളെ പീഡിപ്പിച്ച സ്കൂള്‍ വാര്‍ഡന്‍ മലയാളിയെന്ന് മാധ്യമ റിപ്പോര്‍ട്ട്. കേരള സ്വദേശിയായ വിപിന്‍ വിശ്വനെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നും ഇയാള്‍ മലയാളിയാണെന്നും ‘ടൈംസ് ഓഫ് ഇന്ത്യ‘ റിപ്പോര്‍ട്ട് ചെയ്തു.

നാലുവയസ്സു മുതല്‍ 14 വയസ്സുവരെയുള്ള പെണ്‍കുട്ടികളാണ് ഹോസ്റ്റല്‍ വാര്‍ഡന്റെ പീഡനത്തിന് ഇരയായതായി പരാതിയുയര്‍ന്നത്. ഇതില്‍ 13 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ തന്നെ ഇയാള്‍ മൂന്ന് വര്‍ഷമായി ചൂഷണം ചെയ്യുന്നതായി പരാതി പറയുന്നു.

ഹോസ്റ്റല്‍ വാര്‍ഡനെതിരെ കേസെടുത്ത പൊലീസ് സ്‌കൂള്‍ പ്രിന്‍സിപ്പലടക്കം മൂന്ന് അധ്യാപകരെ ചോദ്യംചെയ്യലിനായി കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥിനികള്‍ പലതവണ പരാതിപ്പെട്ടിട്ടും നടപടി സ്വീകരിക്കാന്‍ പ്രിന്‍സിപ്പല്‍ തയ്യാറായില്ലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ഇതേത്തുടര്‍ന്നാണ് ചില വിദ്യാര്‍ത്ഥിനികള്‍ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്. ലിക്ക് ബാലിയിലെ ഈ സ്കൂള്‍ ഹോസ്റ്റലില്‍ 400 വിദ്യാര്‍ത്ഥിനികളാണ് ഉള്ളത്. ഇതെ സ്കൂളില്‍ അദ്ധ്യാപകനായും വിപിന്‍ വിശ്വന്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇയാളെപ്പറ്റി കൂടുതല്‍ വിവരങ്ങളൊന്നും തന്നെ വ്യക്തമായിട്ടില്ല.

വിപിന്‍ ബിസ്വാസ് എന്നാണ് ഇയാളുടെ പേരെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇയാളെപ്പറ്റിയുള്ള വിവരങ്ങള്‍ കൂടുതല്‍ ചോദ്യം ചെയ്യലിനുശേഷം പൊലീസ് തന്നെ പുറത്തുവിടുമെന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :