അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി മന്ത്രിസഭ ഇന്ന് ഡല്‍ഹിയില്‍ അധികാരമേല്‍ക്കും.
രാംലീല മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ ലഫ്റ്റന്റ് ഗവര്‍ണര്‍ നജീബ് ഇന്ദ്ര സത്യവാചകം ചൊല്ലിക്കൊടുക്കും. കനത്ത സുരക്ഷയിലാണ് രാംലീല മൈതാനിയില്‍ സത്യപ്രതിജ്ഞ നടക്കുക. ആയിരക്കണക്കിന് പേര് സത്യപ്രതിജ്ഞാ ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷ.
പാര്‍ട്ടിയിലെ രണ്ടാമന് മനീഷ് സിസോഡിയ ഉള്‍പ്പടെ ആറ് പേര് മന്ത്രിസഭയില്‍ അംഗങ്ങളാകും. 70 അംഗ നിയമസഭയില്‍ 28 സീറ്റുമായി രണ്ടാമത്തെ കക്ഷിയായ ആം ആദ്മി പാര്‍ട്ടിയെ കോണ്‍ഗ്രസ് പിന്തുണച്ചതോടെയാണ് ഭരണത്തിലേക്കുള്ള വഴി തുറന്നത്.
കോണ്‍ഗ്രസിന് എട്ട് സീറ്റുകളാണുള്ളത്. കെജ്രിവാള് മന്ത്രിസഭയില്‍ മനീഷ് സിസോഡിയയെ കൂടാതെ രാഖി ബിര്‍ള, സൗരവ് ഭരദ്വാജ്, സോമനാഥ് ഭാരതി, സത്യേന്ദ്ര കുമാര്‍ ജെയിന്, ഗിരീഷ് സോണി എന്നിവരാണുള്ളത്. 26കാരിയായ രാഖി ബിര്‍ളയാണ് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ ആള്. മുന്മുഖ്യമന്ത്രിമാര്, മുന്‍ ലഫ്റ്റന്റ് ഗവര്‍ണര്‍മാര്‍, എംഎല്‍എമാര്‍ തുടങ്ങി എല്ലാവരേയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
അധികാരമൊഴിഞ്ഞ ക്ഷീലാ ദീക്ഷിത്, ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് തുടങ്ങിയവര്‍ മുന്മുഖ്യമന്ത്രിമാര് എന്ന നിലയില്‍ പ്രത്യേക ക്ഷണിതാക്കളാണ്. ബിജെപി നിയമസഭാകക്ഷി നേതാവ് ഹര്ഷവര്ദ്ധനന് കൃഷ്ണനഗര്‍ എംഎല്‍എ എന്ന നിലയില്‍ ക്ഷണം ലഭിച്ചു.