"ജനങ്ങളേ, എന്നെ സംബന്ധിച്ച് നിങ്ങളോട് ചോദിക്കും അന്ന് നിങ്ങളെന്തായിരിക്കും മറുപടി പറയുക?" 'താങ്കള്‍ ഞങ്ങള്‍ക്ക് എത്തിച്ചു തന്നു, താങ്കളുടെ ദൗത്യം നിര്‍വഹിച്ചു, എന്ന് ഞങ്ങള്‍ പറയും' എന്ന് അവര്‍ ഏക സ്വരത്തില്‍ പറഞ്ഞു. അന്നേരം പ്രവാചകന്‍ തന്റെ ചൂണ്ടു വിരല്‍ മേല്‍പ്പോട്ട് ഉയര്‍ത്തി "അല്ലാഹുവേ, നീ ഇതിന് സാക്ഷി . . . നീ ഇതിന് സാക്ഷി . . ." എന്ന് ആവര്‍ത്തിച്ചു പറഞ്ഞു.
"ജനങ്ങളേ, നിങ്ങളെല്ലാം ഒരേ പിതാവില്‍ നിന്ന്. എല്ലാവരും ആദമില്‍ നിന്ന്, ആദം മണ്ണില്‍ നിന്നും സൃഷ്ടിക്കപ്പെട്ടു. നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ ഏറ്റവും ഭക്തിയുള്ളവനാണ്. അറബിക്ക് അനറബിയേക്കാള്‍ തഖ്‌വ കൊണ്ടല്ലാതെ യാതൊരു ശ്രേഷ്ഠതയുമില്ല."
"ജനങ്ങളേ, ഇവിടെ ഹാജറുള്ളവര്‍ ഹാജരില്ലാത്തവര്‍ക്ക് ഇത് എത്തിച്ചുകൊടുക്കുക. എത്തിക്കപ്പെടുന്നവര്‍ എത്തിച്ചവരേക്കാള്‍ കാര്യം ഗ്രഹിച്ചേക്കാം." നബി(സ)യുടെ പ്രസംഗശേഷം വിശുദ്ധ ഖുര്‍ആനിലെ താഴെ പറയുന്ന സൂക്തം അവതരിച്ചു: "ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം ഞാന്‍ നിങ്ങള്‍ക്ക് നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ടു തരികയും ചെയ്തിരിക്കുന്നു"(സൂറ: മാഇദ:3)