അഭിറാം മനോഹർ|
Last Modified ശനി, 5 ജൂലൈ 2025 (19:00 IST)
ഹിജ്റ കലണ്ടറിലെ ഒന്നാമത്തെ മാസമാണ് മുഹറം. ഇസ്ലാമിക മാസങ്ങളില്‍ യുദ്ധം നിഷിദ്ധമായ നാല് മാസങ്ങളില്‍ ഒന്നാണ് മുഹറം. മുഹറം 9,10 ദിവസങ്ങളെ താസൂആ, ആശൂറാ എന്ന് വിളിക്കുന്നു. ഈ ദിവസങ്ങളില്‍ മുസ്ലീങ്ങള്‍ ഐച്ഛിക വ്രതമനുഷ്ടിക്കുന്നു.
ആദ്യ മനുഷ്യനും ആദ്യ പ്രവാചകനുമായ ആദം നബി മുതല്‍ അവസാന പ്രവാചകനായ മുഹമ്മദ് നബി വരെയുള്ള പ്രവാചകന്മാരുടെ ജീവിതമായി അഭേദ്യ ബന്ധമാണ് ഈ മാസത്തിനുള്ളത്. യൂനുസ് നബിയെ തിമിംഗലത്തിന്റെ വായില്‍ നിന്നും രക്ഷപ്പെടുത്തിയതും സുലൈമാന്‍ നബിയുടെ അധികാരോഹണവും നമ്റൂദ്ദിന്റെ തീക്കുണ്ടത്തില്‍ നിന്നും പ്രവാചകന്‍ ഇബ്രാഹിം നബി രക്ഷപ്പെട്ടതും മൂസാ നബിയും അനുയായികളും ഫറോവയ്ക്കെതിരെ നടത്തിയ വിമോചന സമരത്തില്‍ വിജയം നേടിയതും മുഹറം മാസത്തിലാണ്.
മുഹറം മാസത്തിന്റെ ഒമ്പത്, പത്ത് ദിവസങ്ങളില്‍ നോമ്പനുഷ്ടിക്കല്‍ ഇസ്ലാം മത വിശ്വാസികള്‍ക്ക് സുന്നത്താണ്. ഒരു നോമ്പിന് മുപ്പത് നോമ്പിന്റെ പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം. ഇസ്ലാമിക ചരിത്രത്തിലെ ദുഖഃസ്മരണകളില്‍ ഒന്നായ കര്‍ബല സംഭവവും നടക്കുന്നത് മുഹറത്തിലാണ്. ഹിജ്റ 61 മുഹറം പത്തിനാണ്(എഡി 680) കര്‍ബലയിലെ യുദ്ധം നടന്നത്.