എസ് .ജാനകി സ്വര ചാരുത

ടി ശശി മോഹന്‍

WEBDUNIA|
1938 ഏപ്രില്‍ 23ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ ""റെപ്പൈല്ലെ'' താലൂക്കിലെ പല്ലപട്ലയില്‍ ജനിച്ച എസ്. ജാനകിയുടെ സ്വരയാത്രയുടെ ആരംഭഘട്ടമായിരുന്നു അതെന്ന് വേണമെങ്കില്‍ പറയാം.

ചെറുപ്പം മതുല്‍ സംഗീതത്തില്‍ അഭിരുചിയുണ്ടായിരുന്ന ജാനകി, ഒരു നാദസ്വരവിദ്വാന്‍റെ അടുത്ത് സംഗീതാഭ്യസനത്തിനു പോയി. വിദ്യാര്‍ത്ഥിയ്ക്കാവശ്യമുള്ളതിലേറെ സംഗീതജ്ഞാനം അപ്പോള്‍ത്തന്നെ കൈവശപ്പെടുത്തിയിരുന്നതിനാല്‍ കുട്ടിയ്ക്ക് കൂടുതലായ പഠിപ്പ് തല്‍ക്കാലം ആവശ്യമില്ലെന്നായിരുന്നു ഗുരുനാഥന്‍ അഭിപ്രായപ്പെട്ടത്.

ലതാ മങ്കേഷ്ക്കറുടെ ഗാനങ്ങള്‍ ആവാഹിച്ചെടുത്ത ജാനകി, ആദ്യകാലത്ത്, ചില പ്രധാന പൊതുപരിപാടികളില്‍ ഗാനമേളകള്‍ ആലപിച്ചിരുന്നു. ഈ കാലത്ത് ജാനകിയുടെ അമ്മാവന്‍ എ.വി.എം. ലേയ്ക്ക് ഒരു കത്തെഴുതി. എ.വി.എം. കാര്‍ ജാനകിയെ വിളിച്ചു. അപ്രതീക്ഷിതമായ ഈ ക്ഷണം ജാനകിയുടെ സംഗീതജീവിതത്തിലെ സുപ്രധാന വഴിത്തിരിവായി.

പി. സുശീല എ.വി.എം.ലെ സ്റ്റാഫ് ആര്‍ട്ടിസ്റ്റ് സ്ഥാനം കോണ്‍ട്രാക്ടവസാനിപ്പിച്ചുപോകുന്ന സമയം. പ്രസിദ്ധ സംഗീതസംവിധായകനായിരുന്ന, പരേതനായ ആര്‍. സുദര്‍ശനം എ.വി.എം. ചിത്രത്തിനുവേണ്ടി ലതാമങ്കേഷ്ക്കര്‍ പാടിയ ""രസിയാ ഓസജ്നാ'' എന്ന ഹിന്ദി ഗാനത്തിന്‍റെ ട്രാക്കില്‍ ജാനകിയെക്കൊണ്ടു പാടിച്ച് ശബ്ദ പരീക്ഷനടത്തി.

തികച്ചും തൃപ്തികരമായിരുന്ന ആ പരീക്ഷണത്തിന്‍റെ ഫലമായി മൂന്നു വര്‍ഷത്തേയ്ക്കുള്ള കോണ്‍ട്രാക്ടില്‍ 1957 ല്‍ ജാനകി എ.വി.എം. ന്‍റെ സ്റ്റാഫ് ആര്‍ട്ടിസ്റ്റായി.

അവ്വറാലി ടി. ചലപതിറാവുവിന്‍റെ സംഗീതത്തില്‍ ഒരു തമിഴ്പാട്ടുപാടിയെങ്കിലും, ഘട്ടശാല വെങ്കിടറാവുവിനോടൊപ്പം, പെണ്ഡ്യാല നാഗേശ്വറാവുവിന്‍റെ സംഗീതസംവിധാനത്തിലാണ് ജാനകി ആദ്യമായി മാതൃഭാഷയായ തെലുങ്കില്‍ പാടുന്നത്.

1956 ല്‍ എ.ഐ.ആര്‍. നടത്തിയ ലളിത സംഗീതമത്സരത്തില്‍ രണ്ടാംസ്ഥാനം ലഭിച്ചപ്പോള്‍ ഡോ.രാജേന്ദ്ര പ്രസാദില്‍നിന്നും വിലപ്പെട്ട പുരസ്കാരം ലഭിച്ചതാണ് ജാനകിയുടെ ആദ്യത്തെ പ്രശസ്തമായ അംഗീകാരം.

1970, '72, '76, '77, '79, '80, '81, '82, വര്‍ഷങ്ങളില്‍ സ്റ്റേറ്റ് അവാര്‍ഡുകളും, 1977 ല്‍ തമിഴ് ഗാനത്തിനും 1980 ല്‍ മലയാളഗാനത്തിനും 1984 ല്‍ തെലുങ്കു ഗാനത്തിനും ആലാപനത്തിനുള്ള ദേശീയ പുരസ്കാരം ജാനകിയ്ക്ക് ലഭിച്ചു.

കൂടാതെ, നാലു തവണ, തമിഴ്നാടു ഗവണ്‍മെന്‍റ് പുരസ്കാരവും, "കലൈമാമണി' പട്ടവും ഹിന്ദിയില്‍ "സുര്‍സിംഗര്‍' ബിരുദവും ജാനകിയ്ക്ക് ലഭിച്ച കീര്‍ത്തിമുദ്രകളാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :