പ്രായം എഴുപത് കടന്നാലും ഒരൊറ്റ മുടി പോലും കറുക്കാതെ സൂക്ഷിച്ച യേശുദാസിനെയാണ് നമുക്ക് പരിചയം. പ്രായാധിക്യത്തില്‍ സ്വരമൊന്ന് ഇടറിയാലും മുടി കറുക്കരുതെന്ന് ദൃഢപ്രതിജ്ഞ എടുത്ത ആളാണ് യേശുദാസ്. ഭാര്യ പ്രഭയുടെ നിര്‍ബന്ധപ്രകാരം ആയിരുന്നു ഇത്. എന്തായാലും താനിനി മുടി ഡൈ ചെയ്യാനില്ല എന്നാണ് യേശുദാസ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. വെളുത്ത താടിയുള്ള ‘ദാസപ്പൂപ്പന്’ ആകാന്‍ തയ്യാറെടുക്കുന്ന യേശുദാസിന് പ്രഭ പിന്തുണയും നല്‍കിയിട്ടുണ്ട്.
“താടിയും മുടിയും ഡൈ ചെയ്ത് കറുപ്പിക്കാന്‍ ഇനി ഞാന്‍ ആളല്ല! ചായം തേച്ച് പ്രായം മറയ്ക്കേണ്ടതില്ലെന്ന് മുമ്പ് തോന്നിയിരുന്നു. ഭാര്യയും മക്കളും അത് സമ്മതിച്ചില്ല. ഇതു പോലുള്ള കാര്യങ്ങളില്‍ അവര്‍ക്കും അഭിപ്രായം പറയാമല്ലോ. എന്നാലിപ്പോള്‍ ഭാര്യ സമ്മതിച്ചു. ഇനി മുടി കറുപ്പിക്കില്ല” - യേശുദാസ് പറയുന്നു.
വെളുത്ത ജുബ്ബയും വെളുത്ത മുണ്ടും എന്ന തന്റെ പ്രിയപ്പെട്ട വേഷം എന്തായാലും യേശുദാസ് ഉപേക്ഷിക്കില്ല. പതിറ്റാണ്ടുകളായി ‘വെള്ള’യാണ് ഗാനഗന്ധര്‍വന്റെ ‘ബ്രാന്‍ഡ്’. ഗന്ധര്‍വന്റെ വെള്ള ഭ്രമം അതേപടി അനുകരിക്കുന്ന ആരാധകരും ഗായകരും ഇല്ലാതില്ല. ഗായകന് മാര്‍ക്കോസ് വെളുപ്പിന്റെ കാര്യത്തില്‍ യേശുദാസിനെ അതു പോലെ അനുകരിക്കുന്നയാളാണ്. കാഞ്ഞങ്ങാട് രാമചന്ദ്രനും അങ്ങിനെ തന്നെ.
എന്തിനാണ് യേശുദാസിനെ അനുകരിക്കുന്നത് എന്ന് മാര്‍ക്കോസിനോട് ഈയിടയ്ക്ക് ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടയില്‍ ആരോ ചോദിച്ചിരുന്നു. “അതെന്താ അനുകരിക്കാന്‍ പാടില്ലാത്തത്ര വൃത്തികെട്ട മനുഷ്യനാണോ ദാസേട്ടന്?” എന്ന് മാര്‍ക്കോസ് മറുചോദ്യം ചോദിച്ച് അഭിമുഖകാരനെ ഒന്നിരുത്തുകയും ചെയ്തു.
എന്താണ് വെള്ളയോട് ഇത്ര ഭ്രമമെന്ന് യേശുദാസിനോടും ആളുകള്‍ ചോദിക്കാറുണ്ട്. “വെളുത്ത നിറമുള്ളതാകുമ്പോള് ഒരെണ്ണം മതി. നിറമുളളതാണെങ്കില് മാറിമാറിയിടാന്‍ ഒന്നിലധികം വേണം. അതിനുള്ള ശേഷി പണ്ട് എനിക്കില്ലായിരുന്നു. അതു കൊണ്ടാണ് വെള്ള തിരഞ്ഞെടുത്തത്. പിന്നീട് അതൊരു ശീലമായി” എന്നാണ് ഗാനഗന്ധര്വന് അതിന് മറുപടി പറയാറ്.
എന്തായാലും യേശുദാസിനെ അനുകരിച്ച് ആരാധകരും താടിയും മുടിയും വെളുപ്പിക്കുമോ എന്ന് കണ്ടുതന്നെ അറിയണം!