ഗോപുരമുകളിലെ വാസന്തചന്ദ്രികയെ സ്വരമാധുരി കൊണ്ട് വിളിച്ചുണര്‍ത്തിയ വാനമ്പാടിക്ക് . മലയാളിയല്ലെങ്കിലും മലയാളികളുടെ മനസില്‍ ഒരിക്കലും മായാത്ത അനേകം സുന്ദരഗാനങ്ങളുടെ തേന്തുള്ളികള് ഇറ്റിച്ചുതന്ന സുന്ദരശബ്ദത്തിനുടമയാണ് എസ്. ജാനകി
ഉണരൂണരൂ ഉണ്ണിപ്പൂവേ എന്ന ഹൈപിച്ച്ഗാനം മുതല്‍ കൊക്കാമന്തി കോനാനിറച്ചിയെന്ന നിഷ്കളങ്ക ബാലശബ്ദം വരെ പാടാന്‍ കഴിയുന്ന സ്വരഭേദം.
പാടിത്തീരുമ്പോള്‍ കണ്ണീരിലവസാനിക്കുന്ന താമരക്കുമ്പിളല്ലോ എന്ന ഗാനം മുതല്‍ ഭക്തിസാന്ദ്രമായ കണികാണും നേരം വരെയുള്ള ആയാസരഹിതമായി പാടാവുന്ന ഭാവവൈവിധ്യം.
ഗുരുമുഖത്ത് നിന്ന് സ്വരങ്ങളുടെ ആദ്യപഠിക്കാതെ സംഗീതസദസിലെ നക്ഷത്രമായി മാറിയ എസ്. ജാനകിക്ക് അര്‍ഹിച്ച അംഗീകാരമാണ് കമുകറ പുരസ്കാരം.
1958-ല്‍ എസ്.എം. സുബ്ബയ്യാനായിഡുവിന്റെ സംഗീതത്തില്‍ ""കൊഞ്ചും ചിലങ്കൈ'' എന്ന ചിത്രത്തീലെ ""ശിങ്കാരവേലനേ ദേവാ'' എന്ന പ്രസിദ്ധഗാനം ,പീന്നീട് ""മുറിപിഞ്ചെ മുവ്വാലു'' എന്ന തെലുങ്കുചിത്രത്തിലെ ""നീ ലീല പാടെടാ ദേവാ'' എന്നു രൂപാന്തരപ്പെട്ടതോടെ തെന്നിന്ത്യ എസ്.ജാനകി എന്ന ഗായികയുടെ സ്വരലഹരിയില് മുങ്ങിനിന്നു.
ദക്ഷിണേന്ത്യ മുഴുവന്‍ അംഗീകാരം പിടിച്ചെടുത്ത ആ ഗാനത്തില്‍ കാരക്കുറിച്ചി അരുണാചലത്തിന്റെ നാദസ്വരമാണോ, എസ്. ജാനകിയുടെ ആലാപനമാണോ ഏറെ മെച്ചമെന്ന് സംശയിച്ചുപോകാം.
1959 ല്‍ സത്യപാല്‍ നിര്‍മ്മിച്ച "മിന്നല്‍ പടയാളി' എന്ന ചിത്രത്തിനുവേണ്ടി ജാനകി ആദ്യമായി മലയാളഗാനം പാടി. ദക്ഷിണാമൂര്‍ത്തി, രാഘവന്, ബാബുരാജ്, ദേവരാജന്‍, എം.ബി. ശ്രീനിവാസന്, അര്ജ്ജുനന്, ഉമ്മര്‍, ശ്യാം തുടങ്ങിയ മുന്തിയ സംഗീതസംവിധായകരുടെ ഈണങ്ങള്‍ ധാരാളം പാടിയിട്ടുണ്ടെങ്കിലും യശഃശരീരനായ ബാബുരാജ് ചിട്ടപ്പെടുത്തിയ ഗാനങ്ങളാണ് ജാനകിയുടെ മാസ്റ്റര്‍ പീസുകള്‍..
തളിരിട്ട കിനാക്കള്‍ (മൂടുപടം), അഞ്ജനക്കണ്ണെഴുതി (തച്ചോളി ഒതേനന്), വാസന്തപഞ്ചമിനാളില്‍, പൊട്ടിത്തകര്‍ന്ന കിനാവുകൊണ്ടൊരു (ഭാര്‍ഗവീനിലയം), സൂര്യകാന്തി (കാട്ടുതുളസി), ഒരു കൊച്ചു സ്വപ്നത്തില്‍ (തറവാട്ടമ്മ), ചുംബിക്കാനൊരു ശലഭം (വിവാഹം സ്വര്‍ഗത്തില്‍), കാളിന്ദി തടത്തിലെ രാധ (ഭദ്രദീപം), താമരക്കുമ്പിളല്ലോ (അന്വേഷിച്ചു കണ്ടെത്തിയില്ല) തുടങ്ങി എത്രയോ ഗാനങ്ങള്‍ ബാബുരാജ്- ജാനകി ടീം മലയാളികള്‍ക്ക് തന്നു. ഒപ്പം ഒരിക്കലും മറക്കാത്ത കുറെ യുഗ്മഗാനങ്ങളും.
സംഗീതത്തിന് ഭാഷയാവശ്യമില്ലെന്ന പറയുന്ന ഈ വാനമ്പാടി, തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം , ബംഗാളി, ഒറിയ, മറാഠി, തുളു, കൊങ്കിണി, ബസുഗ, സൗരാഷ്ട്ര, ഇംഗ്ളീഷ്, സംസ്കൃതം, ജര്‍മന്‍..ഇങ്ങനെ ജാനകി പാടിയുണര്ത്താത്ത ഭാഷകളില്ല....