മലകളില്‍ സുന്ദരി നീലിമല

PROPRO
മലയും, കടലും, സമതലപ്രദേശങ്ങളും എല്ലാം നല്‍കി പ്രകൃതി അനുഗ്രഹിച്ച നാടാണ് കേരളമെങ്കിലും സ്വന്തം നാട്ടിലെ പ്രകൃതി വൈവിധ്യങ്ങളെ കുറിച്ച മലയാളികളില്‍ നല്ലൊരു പങ്കും അജ്ഞരാണ്. ഇതിനാല്‍ തന്നെ വന്‍ ടൂറിസം സാധ്യതകള്‍ ഉള്ള കേരളത്തിലെ പല പ്രദേശങ്ങളും സമീപവാസികള്‍ക്ക് പോലും അജ്ഞാതവുമാണ്. ഇത്തരത്തിലൊരു മനോഹര പ്രദേശമാണ് വയനാടന്‍ മലനിരകളിലെ നീലിമല.

വയനാടന്‍ കുന്നുകളുടെ മനോഹാരിതയും മീന്‍മുട്ടി വെള്ളച്ചാട്ടത്തിന്‍റെ സൌന്ദര്യവും ഉള്‍പ്പടെ നയനാന്ദകരമായ നിരവധി മായക്കാഴ്ചകള്‍ സമ്മാനിക്കുന്ന നീലിമല വയനാഡ്-ഊട്ടി റോഡിലെ വടുവഞ്ചാലിന് സമീപമാണ്. വടുവഞ്ചാലില്‍ നിന്ന് മുന്നു കീലോമീറ്റര്‍ യാത്ര ചെയ്താല്‍ നീലിമലയുടെ അടിവാരത്തില്‍ എത്തിച്ചേരാം. ഇവിടെ നിന്ന് കാല്‍നടയായി തന്നെ മലകയറണം.

ഇരു വശങ്ങളിലും കാപ്പി തോട്ടങ്ങളും ഇഞ്ചി, കമുക് കൃഷിയിടങ്ങളും നീലിമലയ്ക്ക് വേലികെട്ടിയിരിക്കുന്നു. നീലിമലയുടെ നെറുകയിലാണ് സുന്ദര വയനാടന്‍ ദൃശ്യങ്ങള്‍ സമ്മാനിക്കുന്ന വ്യൂപോയിന്‍റെ. ഇവിടേയ്ക്കുള്ള യാത്രയ്ക്കിടയില്‍ അപൂര്‍വമായ സസ്യലതാദികളും ചെറു കിളികളുടെ കൂട്ടങ്ങളും കാണാന്‍ സാധിക്കും. ഏകദേശം അര കിലോമീറ്റര്‍ കയറി കഴിഞ്ഞാല്‍ പിന്നെ തീരെ ഇടുങ്ങിയ വഴിയാണ്. ഒരാള്‍ പൊക്കത്തില്‍ വളര്‍ന്ന് നില്‍ക്കുന്ന കാട്ടു പുല്ലുകള്‍ ഏതൊരു ധൈര്യശാലിയിലും അല്‍പ്പം ഭീതി വിതയ്ക്കും.

ഈ യാത്രയ്ക്ക് ഒടുവില്‍ വളരെ പെട്ടന്നാകും സഞ്ചാരിയുടെ മുന്നിലേക്ക് ആരും പ്രതിക്ഷിക്കാത്ത ആ മനോഹര കാഴ്ച പൊട്ടി വീഴുക. പശ്ചിമഘട്ടത്തിന്‍റെ സുന്ദര കാഴ്ചകള്‍ ആസ്വദിച്ച് നില്‍ക്കുന്നതിനിടയില്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള പൂമ്പാറ്റ കൂട്ടങ്ങള്‍ തനിക്ക് ചുറ്റും നൃത്തം വെയ്ക്കുന്നതും സഞ്ചാരിയറിയും.ഇവിടെ നിന്ന് അല്‍പ്പം കൂടി താഴ്യ്ക്ക് ഇറങ്ങിയാല്‍ പാല്‍ പെയ്ത പോലെയുള്ള മീന്‍‌മുട്ടി വെള്ളച്ചാട്ടവും ദൃശ്യമാകും.

WEBDUNIA|
ഊട്ടിയുടെ പ്രകൃതി സൌന്ദര്യം ആസ്വദിക്കാന്‍ പോകുന്ന ഏതൊരു മലയാളി സഞ്ചാരിയും യാത്രയുടെ അല്‍പ്പം സമയം നീലി മലയിലെത്താന്‍ മാറ്റി വെച്ചാല്‍ എക്കാലവും ഓര്‍മ്മയില്‍ സൂക്ഷീക്കാനൊരു അപൂര്‍വ്വ ദൃശ്യാനുഭവമാകും അവര്‍ക്ക് സ്വന്തമാകുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :