തിരുവനന്തപുരത്ത് ഇടതുപക്ഷത്തിന് സ്ഥാനാര്‍ത്ഥിയായില്ല
തിരുവനന്തപുരം|
WEBDUNIA|
PRO
സംസ്ഥാനത്തെ ലോക്സഭാ സീറ്റുകളില്‍ രാജ്യമൊട്ടുക്ക് ഉറ്റുനോക്കുന്ന തിരുവനന്തപുരം ലോക്സഭാ തെരഞ്ഞെടുപ്പ് മത്സരത്തിന് ബിജെപിയും കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥികള്‍ തയ്യാറായിക്കഴിഞ്ഞിട്ടും ഇടതുപക്ഷം ഇതുവരെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിയാതെ വലയുന്നു. സിപിഐ യ്ക്കാണ് ഇവിടെ മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്തേണ്ടത്.
ബിജെപി ഒ രാജഗോപാലിനെ ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ച് പ്രചാരണം സജീവമാക്കിക്കഴിഞ്ഞു. അതേ സമയം കോണ്‍ഗ്രസ് ഔദ്യോഗികമായി ശശി തരൂരിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മണ്ഡലത്തിലൊട്ടാകെ ഫ്ളക്സ് ബോര്‍ഡുകള്‍ നിറച്ചു കഴിഞ്ഞു. തരൂരിന്‍റെ എതിര്‍കക്ഷികളും തരൂര്‍ തന്നെയാവും സ്ഥാനാര്‍ത്ഥി എന്ന മട്ടിലാണു പ്രചാരണം ആരംഭിച്ചിരിക്കുന്നതും.
തിരുവനന്തപുരത്തെ മുന്‍ എം പി കൂടിയായ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ത്ഥികൂടിയായ മുന്‍ ജില്ലാ സെക്രട്ടറി പി.രാമചന്ദ്രന്‍ നായര്‍ എന്നിവരുടെ പേരാണ് ഇപ്പോള്‍ സജീവമായുള്ളത്. സിപിഐ നേതാവ് സി ദിവാകരന്‍റെ പേരും സജീവമാണ്.
മണ്ഡലത്തിലെ മത്സരം തീര്‍ത്തും ചൂടുപിടിക്കണമെങ്കില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികൂടി വരണം എന്ന മട്ടിലാണു സമ്മതിദായകരും. വരുന്നയാഴ്ച ചേരുന്ന സിപിഐ സംസ്ഥാന നേതൃയോഗത്തില്‍ തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി സംബന്ധിച്ച വ്യക്തത കൈവരുമെന്നാണു സൂചന.
കഴിഞ്ഞ തവണ സീറ്റുലഭിച്ചില്ലെങ്കിലും ഇത്തവണ മോഡി തരംഗത്തിന്‍റെയും മറ്റും പിന്‍ബലത്തില്‍ തിരുവനന്തപുരം സീറ്റ് ഉറപ്പിച്ച മട്ടില്‍ തന്നെയാണ് ഇത്തവണ രാജഗോപാലിനെ സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്.