മൂന്ന് വര്‍ഷത്തിനിടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആദ്യമായി വാര്‍ത്താസമ്മേളനം നടത്തി. പ്രധാനമന്ത്രിക്കൊപ്പം വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി മനീഷ് തിവാരിയും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
തെരഞ്ഞെടുപ്പ് വരെ പ്രധാനമന്ത്രിയായി തുടരുമെന്നും അതിനുശേഷം ബാറ്റണ്‍ കൈമാറുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇനി മൂന്നാമത് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിലെ യുവതലമുറകള്‍ രാജ്യത്തെ നയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അമേരിക്കയുമായിട്ടുള്ള ആണവകരാര്‍ ഏറ്റവും വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
രാജിയെക്കുറിച്ച് ഒരിക്കല്‍ പോലും ചിന്തിച്ചിട്ടില്ല, തത്കാലം രാജി വെയ്ക്കാന്‍ ഉദ്ദേശമില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞു പോയ തെരഞ്ഞെടുപ്പുകളില്‍ നിന്നും കോണ്‍ഗ്രസ് പാഠം പഠിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തുണ്ടായ വിലക്കയറ്റം ജനങ്ങളെ കോണ്‍ഗ്രസില്‍ നിന്നും അകറ്റിയെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകാന്‍ പ്രാപ്തനായ നേതാവാണെന്ന് അദ്ദേഹം പറഞ്ഞു. മോഡി രാജ്യത്തെ പ്രധാനമന്ത്രിയായാല്‍ രാജ്യം നശിച്ചു പോകുമെന്ന് അദ്ദേഹം പറഞ്ഞു.
സ്പെക്ട്രം ലേലം സുതാര്യമാക്കണമെന്ന് നിര്‍ദ്ദേശിച്ചതാണ് പക്ഷേ അഴിമതി നടന്നു, അതില്‍ തനിക്ക് വളരെയധികം ദു:ഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത തെരഞ്ഞെടുപ്പിനുശേഷം രാജ്യത്ത് പുതിയ പ്രധാനമന്ത്രി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീലങ്കയിലെ തമിഴ് ജനങ്ങള്‍ക്കായി വേണ്ടതെല്ലാം ഇന്ത്യന്‍ സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ മീന്‍ പിടുത്തക്കാര്‍ക്ക് വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ നല്‍കുവാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക വളര്‍ച്ചയില്‍ രാജ്യം വളര്‍ച്ച നേടി, കടന്നുപോയത് ജനാധിപത്യം കരുത്താര്‍ജ്ജിച്ച വര്‍ഷമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ സാമ്പത്തിക നടപടികള്‍ക്ക് ഫലം കണ്ടു തുടങ്ങി, എന്നാല്‍ ആഗോള സാമ്പത്തിക പ്രതിസന്ധി തിരിച്ചടിയായിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗ്രാമീണ ജനതയ്ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സര്‍ക്കാരിന് സാധിച്ചു, ഹ്രസ്വ കാല തിരിച്ചടികള്‍ നോക്കി സര്‍ക്കാരിനെ വിലയിരുത്തരുതെന്ന് അദ്ദേഹം പറഞ്ഞു.