ബോല്‍ ബച്ചനും 100 കോടി ക്ലബില്‍, രോഹിത് ഷെട്ടിക്ക് ഹാട്രിക്!

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
IFM
സംവിധായകന്‍ രോഹിത് ഷെട്ടിക്ക് ഹാട്രിക്. രോഹിത് ഷെട്ടി സംവിധാനം ചെയ്ത ‘ബോല്‍ ബച്ചന്‍’ എന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രവും 100 കോടി ക്ലബില്‍ ഇടം പിടിച്ചു. രോഹിത് ഷെട്ടിയുടേതായി 100 കോടി ക്ലബില്‍ ഇടം പിടിക്കുന്ന മൂന്നാം ചിത്രമാണ് ബോല്‍ ബച്ചന്‍.

ഗോല്‍‌മാല്‍ 3, സിങ്കം എന്നിവയാണ് 100 കോടിക്ക് മേല്‍ കളക്ഷന്‍ നേടിയ മറ്റ് രോഹിത് ഷെട്ടി ചിത്രങ്ങള്‍. എന്നാല്‍ ഈ നേട്ടം സന്തോഷത്തേക്കാളധികം തനിക്ക് ടെന്‍ഷനുണ്ടാക്കുന്നു എന്നാണ് രോഹിത് ഷെട്ടി പ്രതികരിച്ചത്.

"ഈ നേട്ടം എന്നെ യഥാര്‍ത്ഥത്തില്‍ നെര്‍വസാക്കുകയാണ്. ബോല്‍ ബച്ചന്‍ ഞാന്‍ എന്‍റെ ടീമുമൊന്നിച്ച് കണ്ടപ്പോള്‍ തന്നെ, ഞങ്ങള്‍ ഏതുതരം പ്രേക്ഷകരെ ലക്‍ഷ്യം വച്ചുവോ, അവര്‍ക്ക് സിനിമ ഇഷ്ടമാകുമെന്ന് ഉറപ്പായിരുന്നു” - രോഹിത് ഷെട്ടി പറഞ്ഞു.

അജയ് ദേവ്‌ഗണ്‍, അഭിഷേക് ബച്ചന്‍, അസിന്‍ എന്നിവര്‍ താരങ്ങളായ ബോല്‍ ബച്ചന്‍റെ ബജറ്റ് 70 കോടി രൂപയാണ്. ചിത്രം നൂറുകോടി കളക്ഷന്‍ പിന്നിട്ട് കുതിക്കുകയാണ്.

“ഒരു സിനിമ എങ്ങനെ സ്വീകരിക്കപ്പെടുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല. എന്തായാലും ബോല്‍ ബച്ചന് ലഭിച്ച മികച്ച റെസ്പോണ്‍സില്‍ ഞാന്‍ ഹാപ്പിയാണ്” - രോഹിത് ഷെട്ടി വ്യക്തമാക്കി.

രോഹിത് ഷെട്ടിയുടെ പല സിനിമകള്‍ക്കും തുടര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ബോല്‍ ബച്ചന് തുടര്‍ച്ച കൊണ്ടുവരുന്ന കാര്യത്തില്‍ അദ്ദേഹം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇപ്പോള്‍ ചെന്നൈ എക്സ്പ്രസ് എന്ന പ്രൊജക്ടിന്‍റെ തിരക്കിലാണ് രോഹിത് ഷെട്ടി. ഷാരുഖ് ഖാനാണ് ചിത്രത്തിലെ നായകന്‍. സിങ്കത്തിന്‍റെ രണ്ടാം ഭാഗവും അദ്ദേഹം പ്ലാന്‍ ചെയ്യുന്നുണ്ട്.

വാല്‍ക്കഷണം: ബോല്‍ ബച്ചന്‍റെ വന്‍ വിജയം രോഹിത് ഷെട്ടിയേക്കാള്‍ ഗുണം ചെയ്ത മറ്റൊരാളുണ്ട്. സാക്ഷാല്‍ അസിന്‍ തന്നെ. അസിന്‍ നായികയായ നാലാമത്തെ ചിത്രമാണ് നൂറുകോടി ക്ലബില്‍ ഇടം പിടിക്കുന്നത്. ഗജിനി, റെഡി, ഹൌസ്ഫുള്‍ 2 എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. നൂറുകോടി ക്ലബില്‍ ഇടം നേടിയ ഏറ്റവും കൂടുതല്‍ സിനിമകളിലെ നായിക എന്ന നിലയില്‍ അസിന്‍ എതിരാളികളില്ലാത്ത താരമായി മാറുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :