പത്മരാജന്‍റെ മകന്‍ ഇനി ബാബു ജനാര്‍ദ്ദനനൊപ്പം!

WEBDUNIA|
PRO
പത്മരാജന്‍ - അത് മലയാള സിനിമയുടെ വസന്തകാലത്തിന്‍റെ തന്നെ പേരാണ്. പത്മരാജന്‍റെ മകന്‍ അനന്തപത്മനാഭന്‍ ടി വി ചാനല്‍ രംഗത്ത് കഴിവ് തെളിയിച്ചെങ്കിലും അദ്ദേഹത്തിന്‍റെ സിനിമാലോകത്തേക്കുള്ള പ്രവേശനം ഏറെ വൈകി. ‘ഓഗസ്റ്റ് ക്ലബ്’ എന്ന സിനിമയാണ് അത് സാധ്യമാക്കിയത്. കെ ബി വേണു സംവിധാനം ചെയ്ത ആ ചിത്രം ഇപ്പോള്‍ തിയേറ്ററുകളിലുണ്ട്.

പത്മരാജന്‍റെ മകന്‍റെ രചന എന്ന നിലയിലാണ് ‘ഓഗസ്റ്റ് ക്ലബ്’ വിലയിരുത്തപ്പെട്ടത്. അതുകൊണ്ടുതന്നെ ‘പ്രതീക്ഷിച്ചത്ര പോര’ എന്ന അഭിപ്രായമാണ് മിക്ക കേന്ദ്രങ്ങളില്‍ നിന്നും കേട്ടത്. വളരെ സങ്കീര്‍ണമായ ഒരു പ്രമേയത്തെ ലളിതമായി അവതരിപ്പിക്കുന്നതില്‍ സംവിധായകനും തിരക്കഥാകൃത്തും പരാജയപ്പെട്ടതായി പലരും വിമര്‍ശിച്ചു.

ചതുരംഗക്കളങ്ങളില്‍ ജീവിതം കണ്ടെത്തുകയും നഷ്ടപ്പെട്ടുപോവുകയും ചെയ്യുന്നവരുടെ കഥയായിരുന്നു ഓഗസ്റ്റ് ക്ലബ്. റീമ കല്ലിങ്കലും മുരളി ഗോപിയും തകര്‍ത്തഭിനയിച്ചെങ്കിലും പ്രേക്ഷകര്‍ വേണ്ടരീതിയില്‍ ചിത്രം ഏറ്റെടുത്തില്ല.

എന്തായാലും അന്തപത്മനാഭന്‍ തന്‍റെ രണ്ടാമത്തെ തിരക്കഥയുടെ പണിപ്പുരയില്‍ പ്രവേശിച്ചുകഴിഞ്ഞു. ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്കാണ് അനന്തപത്മനാഭന്‍ രചന നിര്‍വഹിക്കുന്നത്.

ഏതെങ്കിലും പ്രത്യേകരീതിയിലുള്ള സിനിമകളോട് തനിക്ക് താല്‍പ്പര്യമില്ലെന്ന് അനന്തപത്മനാഭന്‍ പറയുന്നു. ആദ്യചിത്രം പോലെ ആയിരിക്കില്ല ബാബു ജനാര്‍ദ്ദനനുവേണ്ടിയുള്ള സിനിമ. അത് ഒരിക്കലും ഒരു ഫാമിലി ഡ്രാമ ആയിരിക്കില്ല. എന്നാല്‍ ഏറെ വ്യത്യസ്തതയുള്ള ഒരു പ്രമേയമായിരിക്കുമെന്നും അനന്തന്‍ വ്യക്തമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :