Last Modified ചൊവ്വ, 25 ഒക്‌ടോബര്‍ 2016 (15:07 IST)
മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ദേവാസുരം. ആ ചിത്രത്തിലെ മംഗലശ്ശേരി നീലകണ്ഠനാകാന്‍ രഞ്ജിത് ആദ്യം മനസില്‍ കണ്ടത് മമ്മൂട്ടിയെയായിരുന്നു. മമ്മൂട്ടിക്ക് അത് സമ്മതവുമായിരുന്നു. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ മമ്മൂട്ടിക്ക് ആ സിനിമ നഷ്ടമായി. ദേവാസുരം ചരിത്ര വിജയവുമായി.
രഞ്ജിത് പിന്നീട് ‘ആറാം തമ്പുരാന്‍’ ആലോചിച്ചപ്പോള്‍ ജഗന്നാഥന്‍ എന്ന കേന്ദ്ര കഥാപാത്രമായി മമ്മൂട്ടിയെയും ആലോചിച്ചിരുന്നു. അസുരവംശത്തിന് ശേഷം മനോജ് കെ ജയനെ നായകനാക്കി മറ്റൊരു സിനിമയായിരുന്നു ആദ്യം ഷാജിയും രഞ്ജിത്തും ചേര്‍ന്ന് പദ്ധതിയിട്ടത്. മനോജ് അല്ലെങ്കില്‍ മമ്മൂട്ടി എന്നായിരുന്നു തീരുമാനം. എന്നാല്‍ ആ തീരുമാനം മാറുന്നത് മണിയന്‍പിള്ള രാജു ഈ കഥ കേള്‍ക്കുന്നതോടെയാണ്.
ഇത് ഒന്നാന്തരം കഥയാണെന്നും മോഹന്‍ലാല്‍ നായകനായാല്‍ ഗംഭീരമാകുമെന്നും രാജു ഷാജിയോടും രഞ്ജിത്തിനോടും പറഞ്ഞു. ഇതിനകം നിര്‍മ്മാതാവ് സുരേഷ്കുമാറില്‍ നിന്നും കഥ കേട്ട മോഹന്‍ലാലിനും താല്‍പ്പര്യമായി. അങ്ങനെയാണ് ആറാം തമ്പുരാന്‍ ഒരു മോഹന്‍ലാല്‍ ചിത്രമായി മാറുന്നത്.
പിന്നീട്, ഷാജിയും രഞ്ജിത്തും ചേര്‍ന്ന് തമ്പുരാന്‍ ശൈലിയില്‍ ഒരു മമ്മൂട്ടിച്ചിത്രമെടുത്തു. അതായിരുന്നു മെഗാഹിറ്റായ ‘വല്യേട്ടന്‍’.