BIJU|
Last Modified ചൊവ്വ, 17 ജൂലൈ 2018 (15:25 IST)
മമ്മൂട്ടിച്ചിത്രം അബ്രഹാമിന്‍റെ സന്തതികള്‍ തമിഴകത്തേക്ക് റീമേക്ക് ചെയ്യുന്നതിന്‍റെ ആദ്യഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. രജനികാന്തിനെ നായകനാക്കി പല കേന്ദ്രങ്ങളാണ് ഈ സിനിമയുടെ റീമേക്ക് ആലോചിക്കുന്നത്. രജനിക്കും ചിത്രത്തിന്‍റെ പ്ലോട്ട് ഇഷ്ടപ്പെട്ടതായാണ് വിവരം. എന്നാല്‍ മമ്മൂട്ടി അനശ്വരമാക്കിയ ഡെറിക് ഏബ്രഹാം എന്ന കഥാപാത്രത്തോട് രജനിക്ക് എത്രശതമാനം നീതിപുലര്‍ത്താന്‍ കഴിയും എന്നതിലാണ് ഏവര്‍ക്കും സംശയം.
അമാനുഷമായ കഥാപാത്രങ്ങളുടെ ആരാധകനാണ് രജനികാന്ത്. ബാഷയും യന്തിരനുമൊക്കെയാണ് അദ്ദേഹത്തിന്‍റെ താരമൂല്യത്തിനും ഇമേജിനും യോജിച്ച സിനിമകള്‍. മലയാളത്തിലെ പല സിനിമകളും അദ്ദേഹം നിരസിക്കാന്‍ കാരണം ഹീറോയിസത്തിന് സ്കോപ്പില്ല എന്നതായിരുന്നു. ദൃശ്യത്തിന്‍റെ തമിഴ് റീമേക്കില്‍ അഭിനയിക്കുന്നില്ല എന്ന് രജനി തീരുമാനിച്ചതിനും അതുതന്നെ കാരണം. അതുകൊണ്ടുതന്നെ അബ്രഹാമിന്‍റെ സന്തതികളിലെ ഡെറിക് ഏബ്രഹാമിനെയും രജനികാന്തിന് ഉള്‍ക്കൊള്ളാനാവില്ല എന്നാണ് നിരീക്ഷകര്‍ പറയുന്നത്.
ഡെറിക് ഏബ്രഹാം എന്ന കഥാപാത്രം ഒരു യഥാര്‍ത്ഥ യോദ്ധാവാണ്. അതാണ് ഈ സിനിമയിലേക്ക് മമ്മൂട്ടിയെ ആകര്‍ഷിച്ചത്. ഈ സിനിമ ചെയ്യണമെന്ന് മമ്മൂട്ടിക്ക് തോന്നാനുണ്ടായ പല കാരണങ്ങളില്‍ ഒരു പ്രധാനപ്പെട്ട കാരണം ഇതിന്‍റെ വൈകാരിക തലമാണ്.
ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെല്ലാം പൊലീസുകാരാണ്. അതില്‍ ഡെറിക് ഏബ്രഹാം എന്ന പൊലീസ് ഓഫീസറുടെ പോരാട്ടത്തിന്‍റെ കഥയാണ് അബ്രഹാമിന്‍റെ സന്തതികള്‍. ഡെറിക്കിന് പല രീതിയില്‍ ആളുകളെ നേരിടേണ്ടിവരുന്നു. ശാരീരികമായും മാനസികമായും അയാള്‍ നടത്തുന്ന പോരാട്ടങ്ങളാണ് മമ്മൂട്ടിയെ ചിത്രത്തിലേക്ക് വലിച്ചടുപ്പിച്ചത്.
ഡെറിക് ഏബ്രഹാമിന്‍റെ സ്ട്രഗിളുകളുടെ കഥയായിരുന്നു അത്. അയാള്‍ ഒരിക്കലും ഒരു വീരനായകനായിരുന്നില്ല. മണ്ണില്‍ ചവിട്ടിനടക്കുന്ന സാധാരണ മനുഷ്യനായിരുന്നു. അയാള്‍ ബന്ധങ്ങള്‍ക്ക് മൂല്യം കല്‍പ്പിച്ചവനായിരുന്നു. ബന്ധങ്ങള്‍ തന്നെയാണ് അയാളെ സംഘര്‍ഷങ്ങളില്‍ അകപ്പെടുത്തിയതും. മമ്മൂട്ടി അത് ഉജ്ജ്വലമായി അവതരിപ്പിക്കുകയും ചെയ്തു. ഈ കഥാപാത്രത്തെ രജനികാന്തിന്‍റെ ഇമേജിലേക്ക് മാറ്റിച്ചെയ്യേണ്ടിവന്നാല്‍ അത് പ്രേക്ഷകരും ഏത് രീതിയില്‍ സ്വീകരിക്കും എന്ന് ഇപ്പോള്‍ പറയാനാവില്ല.