മമ്മൂക്കയുടെ ഡേറ്റും 15 സീനും ഉണ്ടായിരുന്നു, മമ്മൂട്ടിയുടെ ഒരൊറ്റ ചോദ്യത്തില്‍ നിന്ന് രാജമാണിക്യത്തിന്‍റെ ഗതി തന്നെ മാറി: അന്‍‌വര്‍ റഷീദിന്‍റെ വെളിപ്പെടുത്തല്‍

സുബിന്‍ ജോഷി| Last Modified ബുധന്‍, 17 ജൂണ്‍ 2020 (13:24 IST)
രാജമാണിക്യം ഒരു കോമഡിച്ചിത്രമായല്ല ആദ്യം പ്ലാന്‍ ചെയ്‌തതെന്ന് സം‌വിധായകന്‍ അന്‍‌വര്‍ റഷീദ്. അത് ആക്ഷന് പ്രാധാന്യമുള്ള ഒരു ഫാമിലി സിനിമയായിരുന്നു. എന്നാല്‍ ഈ സിനിമയില്‍ തിരുവനന്തപുരം സ്ലാങ് ഉപയോഗിച്ചാല്‍ എങ്ങനെയുണ്ടാകും എന്ന മമ്മൂട്ടിയുടെ ചോദ്യമാണ് ചിത്രത്തിന്‍റെ ഗതിയെ തന്നെ മാറ്റിമറിച്ചത്.

മമ്മൂട്ടിയുടെ ആ ചോദ്യം അന്‍‌വര്‍ റഷീദിനെ ചിന്തിപ്പിച്ചു. തിരുവനന്തപുരം സ്ലാങ് വന്നാല്‍ ചിത്രത്തിന് മൊത്തത്തില്‍ ഒരു കൌതുകമുണ്ടാക്കാനാവും. അങ്ങനെയാണ് അത് ഫിക്‍സ് ചെയ്‌തത്. യഥാര്‍ത്ഥത്തില്‍ കോമഡിക്കായി രാജമാണിക്യത്തില്‍ ഒരു സീന്‍ പോലും ചെയ്‌തിട്ടില്ല. ഒരു ഡയലോഗ് പോലും അത്തരത്തില്‍ ഇല്ല. മമ്മൂട്ടിയുടെ അവതരണത്തിലൂടെ അതില്‍ വല്ലാതെ ഹ്യൂമര്‍ വര്‍ക്കൌട്ട് ആവുകയായിരുന്നുവെന്നും അന്‍‌വര്‍ റഷീദ് പറയുന്നു.

രഞ്‌ജിത് സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് രാജമാണിക്യം. എന്നാല്‍ ഏതോ ഒരു ജോത്സ്യന്‍റെ നിര്‍ദ്ദേശപ്രകാരമാണ് രഞ്ജിത് ചിത്രത്തില്‍ നിന്ന് പിന്‍‌മാറുന്നതും സംവിധായകനായി അന്‍‌വര്‍ റഷീദ് വരുന്നതും. ടി എ ഷാഹിദ് ആയിരുന്നു രാജമാണിക്യത്തിന്‍റെ തിരക്കഥാകൃത്ത്.

“രാജമാണിക്യത്തിന്റെ ചിത്രീകരണം തുടങ്ങുമ്പോൾ പതിനഞ്ചു സീനും മമ്മൂക്കയുടെ ഡേറ്റും ഒരു കച്ചവട സിനിമയുടെ ഫോർമുലയും മാത്രമായിരുന്നു കയ്യിൽ ഉണ്ടായിരുന്നത്. പല സീനുകളും ചിത്രീകരണത്തിന് തൊട്ട് മുൻപത്തെ ദിവസമാണ് എഴുതി ചിട്ടപ്പെടുത്തിയത്” - അന്‍‌വര്‍ റഷീദ് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :