BIJU|
Last Modified വ്യാഴം, 6 സെപ്‌റ്റംബര്‍ 2018 (15:43 IST)
മോഹന്‍ലാലിന്‍റെ കരിയറില്‍ വലിയ മാറ്റത്തിന് തുടക്കമിട്ട സിനിമയായിരുന്നു ‘ദേവാസുരം’. ആ സിനിമയ്ക്ക് ശേഷമാണ് മീശ പിരിച്ച്, മുണ്ട് മടക്കിക്കുത്തി അമാനുഷ ഭാവമുള്ള കഥാപാത്രങ്ങളിലേക്ക് മോഹന്‍ലാല്‍ കൂടുമാറ്റം നടത്തിയത്. എന്നാല്‍ ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠന്‍, മോഹന്‍ലാലിന്‍റെ മറ്റെല്ലാ ആക്ഷന്‍ അവതാരങ്ങള്‍ക്കും മീതെ സ്ഥാനമുറപ്പിച്ച് നില്‍ക്കുകയാണ്. ഇന്നും ഒരു ചലനവുമില്ലാതെ നീലന്‍ ഒന്നാം സ്ഥാനത്തുതന്നെ!
ദേവാസുരത്തിന്‍റെ ക്ലൈമാക്സ് രംഗം ആവേശമുണര്‍ത്തുന്ന രീതിയിലാണ് സംവിധായകന്‍ ഐ വി ശശി ചിത്രീകരിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ പശ്ചാത്തലത്തില്‍ നീലകണ്ഠനും മുണ്ടയ്ക്കല്‍ ശേഖരനും ഏറ്റുമുട്ടുന്നതായിരുന്നു രംഗം. ശ്രീകൃഷ്ണപുരത്തെ പരിയാനംപറ്റ അമ്പലത്തിലായിരുന്നു ക്ലൈമാക്സ് ചിത്രീകരിക്കാനായി തീരുമാനിച്ചത്.
ക്ലൈമാക്‍സ് സീനിലേക്ക് ആയിരക്കണക്കിന് ആളുകളെ ആവശ്യമുണ്ട്. അതുകൊണ്ടുതന്നെ ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് നാട്ടുകാര്‍ക്കെല്ലാം ഒരു നോട്ടീസ് എത്തിച്ചിരുന്നു. ‘മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുകയാണ്. നാട്ടുകാരെല്ലാവരും അതില്‍ പങ്കെടുത്ത് സഹകരിക്കണം’ - ഇതായിരുന്നു നോട്ടീസ്. രാത്രിയിലാണ് ഷൂട്ടിംഗ് പ്ലാന്‍ ചെയ്തിരിക്കുന്നത്.
ക്ലൈമാക്സ് ചിത്രീകരിക്കുന്ന ലൊക്കേഷനിലേക്ക് മോഹന്‍ലാല്‍ വൈകുന്നേരത്തോടെ എത്തി. എന്നാല്‍ കാറില്‍ നിന്നിറങ്ങിയ അദ്ദേഹം ഞെട്ടി. അമ്പലത്തിലും പരിസരത്തുമായി തിങ്ങിനിറഞ്ഞ് ലക്ഷക്കണക്കിന് ജനങ്ങള്‍. അക്ഷരാര്‍ത്ഥത്തില്‍ തൃശൂര്‍ പൂരത്തേക്കാള്‍ ജനം!
ഇവിടെ ഷൂട്ടിംഗ് നടത്തുക ബുദ്ധിമുട്ടാകുമെന്ന് മനസിലാക്കി മോഹന്‍ലാല്‍ തിരികെ ഹോട്ടലിലേക്ക് പോകാനൊരുങ്ങി. അപ്പോഴാണ് അദ്ദേഹം ഒരു കാര്യം ശ്രദ്ധിച്ചത്. ഈ ജനക്കൂട്ടത്തെയാകെ തന്‍റെ കൈവിരലുകള്‍ കൊണ്ട് നിയന്ത്രിച്ചുകൊണ്ട് സംവിധായകന്‍ ഐ വി ശശി അവിടമാകെ ഓടി നടക്കുന്നു. ശശി ആശ്ചര്യം പ്രകടിപ്പിക്കാന്‍ പറയുന്നിടത്ത് ജനക്കൂട്ടം ആശ്ചര്യം പ്രകടിപ്പിക്കുന്നു. ശശി ചിരിക്കാന്‍ പറയുന്നിടത്ത് ജനക്കൂട്ടം ആര്‍ത്ത് ചിരിക്കുന്നു. ഒരു മജീഷ്യനെപ്പോലെ ആള്‍ക്കൂട്ടത്തെ അപ്പാടെ തന്‍റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് ചലിപ്പിക്കുകയാണ് ഐ വി ശശി.
അതോടെ മോഹന്‍ലാല്‍ തീരുമാനം മാറ്റി കാറില്‍ നിന്നിറങ്ങി. എട്ടുരാത്രികള്‍ കൊണ്ടാണ് ഐ വി ശശി ദേവാസുരത്തിന്‍റെ ക്ലൈമാക്സ് ചിത്രീകരിച്ചത്. ഈ എട്ടുദിവസവും ഇത്രയും വലിയ ആള്‍ക്കൂട്ടത്തിന് നടുവില്‍ ഒരു ചെറിയ പ്രശ്നം പോലുമുണ്ടാകാതെ ഐ വി ശശി ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രീകരിച്ചു.