BIJU|
Last Modified ചൊവ്വ, 27 നവംബര്‍ 2018 (15:20 IST)
‘രാജാവിന്‍റെ മകന്‍’ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് മമ്മൂട്ടിയെ മനസില്‍ കണ്ടെഴുതിയ തിരക്കഥയാണ്. സംവിധായകന്‍ തമ്പി കണ്ണന്താനത്തിന്‍റെ മനസിലും വിന്‍സന്‍റ് ഗോമസ് മമ്മൂട്ടിയായിരുന്നു. എന്നാല്‍ തമ്പിക്ക് ഡേറ്റ് നല്‍കാന്‍ മമ്മൂട്ടി തയ്യാറായില്ല.
തമ്പി കണ്ണന്താനം അപ്പോള്‍ പരാജയപ്പെട്ടുനില്‍ക്കുന്ന ഒരു സംവിധായകനായിരുന്നു. തുടര്‍ച്ചയായി പരാജയങ്ങള്‍ നല്‍കുന്ന ഒരു ഡയറക്‍ടര്‍ക്ക് ഡേറ്റ് നല്‍കാന്‍ മമ്മൂട്ടി തയ്യാറായില്ല. ഡെന്നിസിന്‍റെ തിരക്കഥ ഗംഭീരമാണെന്നും എന്നാല്‍ തമ്പിയോട് സഹകരിക്കാന്‍ താല്‍പ്പര്യമില്ലെന്നുമായിരുന്നു മമ്മൂട്ടിയുടെ നിലപാട്.
ഇതില്‍ കോപാകുലനായ തമ്പി കണ്ണന്താനം ‘രാജാവിന്‍റെ മകന്‍’ മോഹന്‍ലാലിന് നല്‍കുകയായിരുന്നു. മമ്മൂട്ടിയോട് ദേഷ്യപ്പെട്ടെങ്കിലും രാജാവിന്‍റെ മകന്‍റെ പൂജാ ചടങ്ങില്‍ നിലവിളക്ക് കൊളുത്താന്‍ മമ്മൂട്ടിയെയാണ് തമ്പി വിളിച്ചത്.
മമ്മൂട്ടി ലൊക്കേഷനിലെത്തി. പൂജാ ചടങ്ങില്‍ വിളക്ക് കൊളുത്തി. മഞ്ഞയില്‍ കറുപ്പ് വരകളുള്ള ഷര്‍ട്ട് ധരിച്ച് വന്ന മോഹന്‍ലാലിന്‍റെ ആദ്യ ഷോട്ട് സംവിധായകന്‍ പകര്‍ത്തി.
രാജാവിന്‍റെ മകന്‍ ചരിത്രവിജയമായി. താന്‍ വിളക്കുകൊളുത്തി തുടക്കം കുറിച്ച ചിത്രത്തിന്‍റെ മഹാവിജയം മമ്മൂട്ടിക്കും സംതൃപ്തി നല്‍കിയിരിക്കണം.